'സോണിയ ഗാന്ധി മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു, രാഹുലിന്റെ ഫോൺ കോളുകൾ എല്ലാം തകർത്തു': വെളിപ്പെടുത്തലുമായി ഹിമന്ത

തരുണ്‍ ഗോഗോയിക്ക് പകരം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാര്‍ട്ടി അംഗീകരിക്കാതിരുന്നതോടെ 2015-ല്‍ ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

New Update
Untitled

ഗുവാഹത്തി: 2014-ല്‍ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സോണിയ ഗാന്ധി അനുവദിച്ചിരുന്നുവെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ അത് തകര്‍ത്തുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

Advertisment

ഫെബ്രുവരി 17-ന് നിയമസഭയില്‍ നടന്ന കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


2014-ല്‍ 58 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടായിരുന്നു. അന്ന് സോണിയ ഗാന്ധി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുകയും സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജൂണിലെ അംബുബാച്ചി മേളയ്ക്ക് ശേഷം അധികാരമേല്‍ക്കാമെന്ന് താന്‍ മറുപടി നല്‍കിയതായും ഹിമന്ത പറഞ്ഞു.


ആ സമയത്ത് വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചതോടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. ആ ഫോണ്‍ കോളുകള്‍ക്ക് ശേഷമാണ് തന്റെ മുഖ്യമന്ത്രി പദം നഷ്ടമായതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

തരുണ്‍ ഗോഗോയിക്ക് പകരം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാര്‍ട്ടി അംഗീകരിക്കാതിരുന്നതോടെ 2015-ല്‍ ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.


അന്ന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ വിഷമം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ താന്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. 'കോണ്‍ഗ്രസില്‍ നിന്നിരുന്നെങ്കില്‍ ലഭിക്കുമായിരുന്നതിനേക്കാള്‍ വലിയ കാര്യങ്ങളാണ് ദൈവം എനിക്ക് നല്‍കിയത്. ബിജെപി മുഖ്യമന്ത്രി എന്ന നിലയില്‍ അസമിനെയും സനാതന ധര്‍മ്മത്തെയും പൂര്‍ണ്ണഹൃദയത്തോടെ സേവിക്കാന്‍ എനിക്ക് സാധിക്കുന്നു,' ഹിമന്ത കൂട്ടിച്ചേര്‍ത്തു.


ഭാവിയില്‍ പുസ്തകം എഴുതുകയാണെങ്കില്‍ അക്കാലത്തെ കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2021 മുതലാണ് ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്.

Advertisment