/sathyam/media/media_files/2026/02/19/untitled-2026-02-19-12-04-52.jpg)
ഡല്‍ഹി: ബംഗ്ലാദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥി നേതാവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ചു. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹബിഗഞ്ച് ജില്ലയിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്ററായ അഹമ്മദ് റാസ ഹസന്‍ മെഹ്ദി പിടിയിലായത്. ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇയാളെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി.
2024 ഓഗസ്റ്റ് 5-ന്, ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായ ദിവസം ബനിയാചാങ് പോലീസ് സ്റ്റേഷന് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിലാണ് എസ്.ഐ സന്തോഷ് ചൗധരി കൊല്ലപ്പെട്ടത്. അദ്ദേഹത്തെ തല്ലിക്കൊന്ന ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയിരുന്നു.
സന്തോഷ് ചൗധരിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നു എന്ന് മെഹ്ദി നേരത്തെ ഒരു വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ ഒരു പോലീസ് സ്റ്റേഷനുള്ളിലിരുന്ന് ഇയാള്‍ സംസാരിക്കുന്ന വീഡിയോ അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞത്. ഡല്‍ഹിയില്‍ താന്‍ പോലീസ് മര്‍ദ്ദനത്തിന് ഇരയായെന്നും ഫോണ്‍ പരിശോധിച്ചുവെന്നും ആരോപിക്കുന്ന വീഡിയോ മെഹ്ദി പിന്നീട് പുറത്തുവിട്ടു. 40 മിനിറ്റോളം കസ്റ്റഡിയില്‍ വെച്ച ശേഷം ഇയാളെ അധികൃതര്‍ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു.
വിവാഹം കഴിഞ്ഞ് പത്താം മാസമാണ് സന്തോഷ് ചൗധരി ക്രൂരമായി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് കുഞ്ഞ് ജനിച്ചത്. മാതാപിതാക്കളുടെ ഏക മകനായിരുന്നു അദ്ദേഹം. ഹസീന സര്‍ക്കാര്‍ വീണതിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ നടന്ന വ്യാപക അക്രമങ്ങളുടെ ഭാഗമായാണ് സന്തോഷ് ചൗധരിയും കൊല്ലപ്പെട്ടത്.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ബിബിസി ബംഗ്ലാ നല്‍കിയ ഒരു റിപ്പോര്‍ട്ട് പിന്നീട് വിവാദമാകുകയും പിന്‍വലിക്കുകയും ചെയ്തിരുന്നു. മെഹ്ദിയെ ബംഗ്ലാദേശിലെത്തിച്ചതോടെ കേസില്‍ കൂടുതല്‍ നിയമനടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us