ഡല്‍ഹി: ഘര്‍ വാപസിക്ക് ശക്തമായ പിന്തുണ നല്‍കുകയും ഹിന്ദു യുവാക്കളെ മറ്റ് മതങ്ങളില്‍ നിന്ന് പങ്കാളികളെ തേടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് വിവാദത്തിന് തിരികൊളുത്തി എഴുത്തുകാരനും വലതുപക്ഷ പ്രവര്‍ത്തകനും യുവ ബ്രിഗേഡ് സ്ഥാപകനുമായ ചക്രവര്‍ത്തി സുലിബെലെ.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നടന്ന ഹിന്ദു സംഘടനകളുടെ പരിപാടിയിലാണ് മതപരിവര്‍ത്തനത്തെക്കുറിച്ച് സുലിബെലെ വിവാദ പരാമര്‍ശം നടത്തിയത്.
'ലവ് ജിഹാദ്' എന്ന് മാത്രം സംസാരിക്കുന്നതിനുപകരം ആളുകള്‍ 'ഘര്‍ വാപസി' നടത്തുകയും മറ്റ് മതങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ അവരുടെ സ്വന്തം വിശ്വാസത്തിലേക്ക് കൊണ്ടുവരികയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് മതങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഹിന്ദു വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും ഇതിനായി യുവാക്കളെ പരിശീലിപ്പിക്കണമെന്നും സുലിബെലെ വാദിച്ചു.
മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് എത്ര കാലം നമ്മള്‍ പറഞ്ഞുകൊണ്ടേയിരിക്കും? ഇനി മാറ്റത്തിനുള്ള സമയമാണ്. ഇനി നമ്മള്‍ 'ഘര്‍ വാപസി'യെക്കുറിച്ച് സംസാരിക്കണമെന്ന് സുലിബെലെ പറഞ്ഞു.
നമ്മള്‍ ഇതിനായി യുവാക്കളെ പരിശീലിപ്പിക്കണം. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അത്തരമൊരു വ്യക്തിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി, അവരെ കൈകള്‍ കൂപ്പി 'ഞാന്‍ ഒരു തെറ്റ് ചെയ്തു' എന്ന് പറയിപ്പിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.