/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
റായ്പൂർ:എച്ച്.ഐ.വി ബാധിതനായതിന് പ്രതികാരമായി ഒരുപതിറ്റാണ്ടോളം വിവിധ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ 45കാരൻ പിടിയിൽ. ചത്തീസ്ഗഡിലെ ദുർഗ് കേന്ദ്രീകരിച്ചാണ് കവർച്ചകൾ അരങ്ങേറിയത്.
ക്ഷേത്രങ്ങളുടെ പൂട്ടുകൾ തകർത്തടക്കം നടത്തുന്ന മോഷണങ്ങളിൽ വിദഗ്ദമായി തെളിവുകൾ നശിപ്പിച്ചിരുന്നതുകൊണ്ടുതന്നെ പ്രതിയെ പിടികൂടാനായിരുന്നില്ല.
ഒടുവിൽ, ഓഗസ്റ്റ് 23, 24 തീയതികളിൽ ദുർഗിന് സമീപമുള്ള ജൈന ക്ഷേത്രത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളിൽ നിന്ന് 1,282 രൂപയുടെ നാണയങ്ങളും മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തതായി ദുർഗ് പൊലീസ് അറിയിച്ചു.
ദുർഗിലും പരിസരപ്രദേശങ്ങളിലുമായി 10ലധികം കവർച്ചകൾ നടത്തിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്.
2012ൽ ആക്രമണക്കേസിൽ ജയിലിൽ കഴിയവെയാണ് ഇയാൾ എച്.ഐ.വി ബാധിതനാവുന്നത്. വൈറസ് ബാധ ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് വിശ്വസിച്ചിരുന്ന ഇയാൾ തുടർന്ന് ദൈവത്തോട് പ്രതികാരത്തിന് തുനിഞ്ഞിറങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ ക്ഷേത്രങ്ങളിൽ തുടർച്ചയായി കവർച്ച നടത്തിയതെന്നും ദുർഗ് സിറ്റി പൊലീസ് സൂപ്രണ്ടന്റ് സത്യപ്രകാശ് തിവാരി പറഞ്ഞു.
സി.സി.ടി.വിയെ കബളിപ്പിക്കാനായി മോഷണത്തിന് മുമ്പും പിന്നീടും വസ്ത്രങ്ങൾ മാറുന്നതായിരുന്നു ഇയാളുടെ രീതി. മോഷണം നടത്തുന്ന സ്ഥലങ്ങൾക്ക് സമീപം സ്വന്തം വാഹനം കൊണ്ടുവരാതിരിക്കാനും ഇയാൾ ജാഗ്രത കണിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.