ബംഗളൂരു: രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ച കുഞ്ഞുങ്ങളുടെ എണ്ണം രണ്ടായി. 8 മാസം പ്രായമായ കുഞ്ഞിന് പിന്നാലെ മൂന്നു മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. ഇരുവര്‍ക്കും വിദേശയാത്രാ ചരിത്രമില്ലെന്നാണ് റിപ്പോര്‍ട്ട്.
ബംഗളൂരുവിലാണ് രണ്ട് കുഞ്ഞുങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിക്കും മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. നോര്‍ത്ത് ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്
''ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്, സ്വകാര്യ ആശുപത്രിയിലെ പരിശോധനകളില്‍ ഞങ്ങള്‍ക്ക് സംശയിക്കേണ്ട കാര്യമില്ല,'' കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
കുട്ടികളില്‍ വൈറസ് ബാധ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് ഹെല്‍ത്ത് കമ്മീഷണര്‍ ഹര്‍ഷ ഗുപ്ത പറഞ്ഞു.
കുട്ടിയില്‍ എച്ച്എംപിവി കണ്ടുപിടിക്കുന്നത് അസാധാരണമല്ല. മുമ്പ്, നിരവധി രോഗികളില്‍ എച്ച്എംപിവിയുമായി ബന്ധപ്പെട്ട കേസുകള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല, അതിനാല്‍ ആരും പരിഭ്രാന്തരാകേണ്ടതില്ല
എച്ച്എംപിവിയുടെ എന്തെങ്കിലും പുതിയ സ്ട്രെയിനുകള്‍ ഉണ്ടെങ്കില്‍ ഐസിഎംആര്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളോ അപ്ഡേറ്റ് ചെയ്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ അയയ്ക്കണം.
ഇതുവരെ ഇങ്ങനെ പ്രത്യേക പ്രോട്ടോക്കോളുകള്‍ പുറപ്പെടുവിച്ചിട്ടില്ല. നിലവില്‍, ഈ വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.