ഡല്‍ഹി: ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) സംബന്ധിച്ച് ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ഇതൊരു പുതിയ വൈറസല്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ പൗരന്മാരോട് ശാന്തരായിരിക്കാനും അഭ്യര്‍ത്ഥിച്ചു.
2001-ല്‍ കണ്ടെത്തിയ ഈ വൈറസ് നിരവധി വര്‍ഷങ്ങളായി ആഗോളതലത്തില്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വൈറസിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന ഭയത്തോടും ചര്‍ച്ചകളോടും പ്രതികരിക്കുകയായിരുന്നു ജെപി നദ്ദ. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിക്കുകയാണെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ നടപ്പിലാക്കുമെന്നും പൊതുജനങ്ങള്‍ക്ക് അദ്ദേഹം ഉറപ്പുനല്‍കി
എച്ച്എംപിവി പുതിയ വൈറസല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്, ഇത് വര്‍ഷങ്ങളായി ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്.
ശ്വസനത്തിലൂടെ വായുവിലൂടെ എച്ച്എംപിവി പടരുന്നു. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കാം. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് വൈറസ് കൂടുതല്‍ പടരുന്നതെന്ന് ജെപി നദ്ദ പറഞ്ഞു.
രാജ്യത്ത് ആറോളം എച്ച്എംപിവി വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നദ്ദയുടെ പ്രതികരണം.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന്റെ (എച്ച്എംപിവി) രണ്ട് കേസുകള്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ശിശുക്കള്‍ക്കും എച്ച്എംപിവി പോസിറ്റീവ് സ്ഥിരീകരിച്ചു
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സുസജ്ജമാണെന്നും മന്ത്രി പറഞ്ഞു.