ഡല്‍ഹി: പുറത്തിറങ്ങുകയാണെങ്കില്‍ മാസ്‌ക് ധരിക്കണം. ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ സാനിറ്റൈസര്‍ പ്രയോഗിക്കണം. മനുഷ്യന്‍ മനുഷ്യനെ ഭയന്ന് ജീവിച്ചിരുന്ന കാലമായിരുന്നു അത്. ആ കൊറോണ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഹ്യൂമന്‍മെറ്റാപന്യൂമോ വൈറസ് എന്ന എച്ച്എംപിവി വൈറസ്.
ഇന്നലെ വരെ ചൈനയെ വിറപ്പിച്ച എച്ച്എംപിവി വൈറസ് ഇപ്പോള്‍ ഇന്ത്യയിലും പ്രവേശിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം ഇതുവരെ 7 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ബെംഗളൂരുവിലും മറ്റൊരു കേസ് ഗുജറാത്തിലെ അഹമ്മദാബാദിലും കണ്ടെത്തി
കൊല്‍ക്കത്തയില്‍ അഞ്ച് മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ 3 ഉം 8 ഉം മാസം പ്രായമുള്ള രണ്ട് കുട്ടികള്‍ക്കാണ് അഹമ്മദാബാദില്‍ 2 മാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് നാഗ്പൂരിലും രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു.
എച്ച്എംപിവി വൈറസ് ബാധയെക്കുറിച്ച് തെലങ്കാന സര്‍ക്കാരും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ സമയാസമയങ്ങളില്‍ അവലോകനം ചെയ്തു വരികയാണെന്ന് മെഡിക്കല്‍, ആരോഗ്യ മന്ത്രി ദാമോദര രാജനര്‍സിംഹ പറഞ്ഞു. തല്‍ക്കാലം ഭയപ്പെടേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു
ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തെലങ്കാനയില്‍ ഇതുവരെ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അണുബാധകളുടെ വ്യാപനത്തിന്റെ കണക്കുകള്‍ ആരോഗ്യവകുപ്പ് വിശകലനം ചെയ്തു. തെലങ്കാനയില്‍ ഇത്തരം കേസുകളൊന്നും നിലവില്‍ ഇല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.രവീന്ദര്‍ നായിക് പ്രസ്താവനയിറക്കി.
എച്ച്എംപിവി വൈറസിന്റെ വ്യാപനത്തെക്കുറിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥരുമായി ടെലി കോണ്‍ഫറന്‍സ് നടത്തി
സംസ്ഥാനത്തേക്ക് പുതുതായി എത്തുന്നവരെ ശ്രദ്ധിക്കണമെന്നും സംശയമുണ്ടെങ്കില്‍ വൈദ്യപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഓരോ ആശുപത്രിയിലും 20 ഐസൊലേഷന്‍ കിടക്കകള്‍ മുന്‍കൂട്ടി സജ്ജീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍, ആരോഗ്യ മന്ത്രി സത്യകുമാര്‍ പറഞ്ഞു.