ഡല്‍ഹി: ചൈനയില്‍ വ്യാപകമായിരുന്ന എച്ച്എംപിവി (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) കേസുകള്‍ ഇപ്പോള്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയില്‍ ഇതുവരെ 7 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യമന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ഈ വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. എച്ച്എംപിവി വൈറസ് ശ്വാസകോശ സംബന്ധമായ അണുബാധയാണ്. ഇത് കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്
ഇന്ത്യയില്‍ ഈ വൈറസ് കേസുകള്‍ വെളിച്ചത്തുവന്നതിന് ശേഷം ലോക്ക്ഡൗണ്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലെ പല ഉപയോക്താക്കളും ഈ വൈറസിനെ കോവിഡ് 19 മായാണ് താരതമ്യം ചെയ്യുന്നത്. 2019-20 വര്‍ഷത്തില്‍ കോവിഡ് ചൈനയില്‍ നിന്നാണ് ആരംഭിച്ചത്. അത് ക്രമേണ ലോകമെമ്പാടും വ്യാപിച്ചു. ഇന്ത്യയിലും കൊറോണ കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
2019 നവംബറിലാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുശേഷം, ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി.
ഇന്ത്യയില്‍ 2020 ജനുവരിയില്‍ കേരളത്തിലാണ് കോവിഡ് -19 ന്റെ ആദ്യ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്തവണയും എച്ച്എംപിവി വൈറസ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതും ചൈനയില്‍ നിന്നാണ്. ഇതാണ് ആളുകളെ ലോക്ഡൗണ്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്
ഇന്ത്യയില്‍ ഇതുവരെ ഏഴ് എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ടുപേരെ ബെംഗളൂരുവിലും 2 പേര്‍ നാഗ്പൂരിലും 1 അഹമ്മദാബാദിലും 2 പേരെ ചെന്നൈയിലും കണ്ടെത്തി.
ഇന്ത്യയില്‍ എച്ച്എംപിവി കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. രോഗത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്.
2020 ലെ ലോക്ക്ഡൗണ്‍ സംഭവത്തെ പരാമര്‍ശിച്ച്, എക്‌സില്‍ നിരവധി പേരാണ് പ്രതികരിക്കുന്നത്. ഒരു ഉപയോക്താവ് പ്ലേറ്റുകളും സ്പൂണുകളും വാങ്ങാനുള്ള സമയമായെന്ന് പരിഹസിച്ചു
'ദയവായി ഒരു പ്ലേറ്റും സ്പൂണും വാങ്ങൂ, ചൈനവൈറസുകള്‍ കാരണം വരാനിരിക്കുന്ന ലോക്ക്ഡൗണിന് ഇത് ഉപയോഗപ്രദമാകും . മറ്റൊരു ഉപയോക്താവ് എഴുതി.