ഡല്‍ഹി: ചൈനയില്‍ വ്യാപിച്ചതിന് ശേഷം ഇന്ത്യ, മലേഷ്യ, ഹോങ്കോംഗ്, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ എച്ച്എംപിവി വൈറസിന്റെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ലോകമെമ്പാടുമുള്ള ആശുപത്രികള്‍ അതീവ ജാഗ്രതയിലാണ്. എച്ച്എംപിവി രോഗം ആദ്യമായി കണ്ടെത്തിയതും ചൈനയില്‍ അതിന്റെ കേസുകള്‍ വര്‍ദ്ധിച്ചുതുടങ്ങിയതും എന്നു മുതലാണെന്നും നോക്കാം
2001ല്‍ നെതര്‍ലന്‍ഡിലെ കുട്ടികളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.
എന്നാല്‍ ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അനുസരിച്ച് കുറഞ്ഞത് 50 വര്‍ഷമായി ഈ രോഗം മനുഷ്യരില്‍ കാണപ്പെടുന്നുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
1958 മുതല്‍ നെതര്‍ലാന്‍ഡില്‍ എച്ച്എംപിവി ഉണ്ടായിരുന്നു. നെതര്‍ലാന്‍ഡില്‍ കണ്ടെത്തിയ പിന്നാലെ ലോകമെമ്പാടുമുള്ള മറ്റ് ഗവേഷണ ഗ്രൂപ്പുകളും ഓസ്ട്രേലിയ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തു.
എച്ച്എംപിവി ബാധിച്ച് ആദ്യത്തെ വ്യക്തി എപ്പോഴാണ് മരിച്ചത് എന്ന് വ്യക്തമല്ലെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാരണം ഇത് വളരെക്കാലമായി തന്നെ നിലനില്‍ക്കുന്ന രോഗമാണ്
2003-ല്‍ ബിജെ മെഡിക്കല്‍ കോളേജും എന്‍ഐവി പൂനെയും പൂനെയിലെ ഇന്ത്യന്‍ കുട്ടികളില്‍ ആദ്യമായി ഈ വൈറസ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ജനുവരി 6 ന് ഇന്ത്യയില്‍ വൈറസിന്റെ ആദ്യ കേസ് കണ്ടെത്തി.
ശൈത്യകാലത്താണ് ചൈനയില്‍ കേസുകള്‍ വര്‍ധിച്ചത്.