/sathyam/media/media_files/2026/02/24/untitled-2026-02-24-12-55-30.jpg)
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ തുണി വ്യാപാരിയുടെ വീടിന് തീപിടിച്ച് ആറുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. അഞ്ചു കുട്ടികളും ഒരു യുവതിയുമാണ് മരിച്ചത്. മരിച്ചവരില്‍ ആറുമാസം മാത്രം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ലിസാഡി ഗേറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കിദ്വായ് നഗറില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്.
വ്യാപാരിയായ ഇഖ്ബാല്‍ അഹമ്മദിന്റെ മൂന്ന് നില വീടിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടസമയത്ത് ഇഖ്ബാലും മക്കളും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന എംബ്രോയ്ഡറി യൂണിറ്റിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.
വീട്ടിലേക്കുള്ള വഴി അതീവ ഇടുങ്ങിയതായതിനാല്‍ ഫയര്‍ഫോഴ്സിന് സംഭവസ്ഥലത്ത് എത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു. അയല്‍പക്കത്തെ കെട്ടിടങ്ങളുടെ മുകളിലൂടെയാണ് അഗ്‌നിശമന സേനാംഗങ്ങള്‍ അകത്തുകടന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വീട്ടിലുണ്ടായിരുന്ന ഏഴ് പേരെയും പുറത്തെടുത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ മജിസ്ട്രേറ്റ് വി.കെ. സിംഗ്, എസ്.എസ്.പി അവിനാഷ് പാണ്ഡെ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പുക നിറഞ്ഞ വീടിനുള്ളില്‍ നിന്ന് അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെയും സ്ത്രീകളെയും പുറത്തെത്തിച്ചത്. ഇടുങ്ങിയ തെരുവുകളില്‍ അഗ്‌നിശമന വാഹനങ്ങള്‍ കടന്നുപോകുന്നതിലെ ബുദ്ധിമുട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us