ഗർഭാശയ അർബുദത്തിനെതിരെ രാജ്യം കാവലാകുന്നു: സൗജന്യ എച്ച്പിവി വാക്സിനേഷൻ പദ്ധതിക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

എച്ച്പിവി 16, 18 എന്നീ വൈറസുകളാണ് 80 ശതമാനം കേസുകള്‍ക്കും കാരണം. വാക്‌സിനേഷന്‍ വഴി ഇത് 93 മുതല്‍ 100 ശതമാനം വരെ ഫലപ്രദമായി തടയാനാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

New Update
Untitled

ഡല്‍ഹി: ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യസുരക്ഷയില്‍ നിര്‍ണ്ണായക ചുവടുവെപ്പുമായി, രാജ്യവ്യാപകമായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിനേഷന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. രാജസ്ഥാനിലെ അജ്മീറില്‍ വെച്ചാണ് ദേശീയതലത്തിലുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം നടക്കുക.

Advertisment

14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഗര്‍ഭാശയ അര്‍ബുദം തടയുന്നതിനായുള്ള ഈ വാക്‌സിന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി തികച്ചും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.


പ്രതിവര്‍ഷം ഏകദേശം 1.15 കോടി പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍ (പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍), കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ജില്ലാ ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ വാക്‌സിന്‍ ലഭ്യമാകും.

വാക്‌സിനേഷന്‍ പൂര്‍ണ്ണമായും സന്നദ്ധതയുടെ അടിസ്ഥാനത്തിലായിരിക്കും. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിയ ശേഷമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. പാര്‍ശ്വഫലങ്ങള്‍ നേരിടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

'ഗാര്‍ഡാസില്‍' എന്ന വാക്‌സിനാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇത് ഗര്‍ഭാശയ ഗള അര്‍ബുദത്തിന് കാരണമാകുന്ന പ്രധാന എച്ച്പിവി ടൈപ്പുകളെ പ്രതിരോധിക്കും.


ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാന ക്യാന്‍സറാണ് ഗര്‍ഭാശയ ഗള അര്‍ബുദം. പ്രതിവര്‍ഷം 1.20 ലക്ഷത്തിലധികം പുതിയ കേസുകളും ഏകദേശം 80,000 മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.


എച്ച്പിവി 16, 18 എന്നീ വൈറസുകളാണ് 80 ശതമാനം കേസുകള്‍ക്കും കാരണം. വാക്‌സിനേഷന്‍ വഴി ഇത് 93 മുതല്‍ 100 ശതമാനം വരെ ഫലപ്രദമായി തടയാനാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

മൂന്ന് മാസത്തെ പ്രത്യേക മിഷന്‍ മോഡ് കാമ്പയിനായിട്ടാണ് ഇതിന്റെ തുടക്കം. അതിനുശേഷം ഇത് കുട്ടികള്‍ക്കുള്ള പതിവ് പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ലോകത്തെ 160-ഓളം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മറ്റ് പ്രമുഖ മെഡിക്കല്‍ സംഘടനകളും ഈ ചരിത്രപരമായ തീരുമാനത്തെ സ്വാഗതം ചെയ്യുകയും സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment