/sathyam/media/media_files/2026/01/25/muhamad-asarudheen-2026-01-25-18-43-20.jpg)
ഹൈദരാബാദ്: ഹൈദരാബാദിലെ നാംപള്ളിയിലുള്ള നാലുനില ഫർണിച്ചർ ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് മൃതദേഹങ്ങൾ കൂടി ഞായറാഴ്ച കണ്ടെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് തീപിടുത്തം ഉണ്ടായി 22 മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാസംഘം മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ജെ.സി.ബി ഉപയോഗിച്ച് ചുവരുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കി പുക പുറത്തുകളഞ്ഞ ശേഷമാണ് രക്ഷാപ്രവർത്തകർ ബേസ്‌മെൻ്റിലേക്ക് പ്രവേശിച്ചത്.
കടയിലെ ജീവനക്കാരായ മുഹമ്മദ് ഇംതിയാസ് , സയ്യിദ് ഹബീബ് , കൂടാതെ ബീബി (55) എന്ന വയോധികയും പ്രണീത്, അഖിൽ എന്നീ കുട്ടികളുമാണ് മരിച്ചത്. കടയിലെ കാവൽക്കാരായ യദയ്യ-ലക്ഷ്മി ദമ്പതികളുടെ മക്കളാണ് പ്രണീതും അഖിലും.
നാംപള്ളിയിലെ 'ബച്ചാ ക്രിസ്റ്റൽ ഫർണിച്ചർ' ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. തീ കെട്ടിടത്തിന്റെ നാല് നിലകളിലേക്കും അതിവേഗം പടർന്നു. വെള്ളിയാഴ്ച രാത്രി ചൈനയിൽ നിന്ന് കണ്ടെയ്‌നറിൽ എത്തിയ ഫർണിച്ചറുകൾ കെട്ടിടത്തിന്റെ രണ്ട് ബേസ്‌മെൻ്റുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കടയിൽ ഏകദേശം 22 ജീവനക്കാരുണ്ട്. കാവൽക്കാരായ യദയ്യയും ലക്ഷ്മിയും തങ്ങളുടെ രണ്ട് മക്കളോടൊപ്പം ബേസ്‌മെൻ്റിലായിരുന്നു താമസിച്ചിരുന്നത്.
കെട്ടിടത്തിന്റെ ബേസ്‌മെൻ്റിലെ വെയർഹൗസിൽ നിന്നാണ് തീ പടർന്നതെന്ന് തെലങ്കാന ഫയർ സർവീസ് ഡയറക്ടർ ജനറൽ വിക്രം സിംഗ് മാൻ പറഞ്ഞു. ബേസ്‌മെൻ്റിൽ ഫർണിച്ചറുകളും രാസവസ്തുക്കളും സൂക്ഷിച്ചിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ബേസ്‌മെൻ്റ് നിയമവിരുദ്ധമായാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
പോലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി (HYDRAA) എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സിറ്റി പോലീസ് കമ്മീഷണർ സജ്ജനാർ, ഹൈദരാബാദ് കളക്ടർ ഹരിചന്ദന, ഖൈരതാബാദ് ഡി.സി.പി ശില്പവല്ലി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീ നിയന്ത്രണവിധേയമായെങ്കിലും കനത്ത പുക കാരണം രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ വൈകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us