/sathyam/media/media_files/2025/12/12/untitled-design71-2025-12-12-00-15-05.png)
ഹൈദരാബാദ്: ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന അനസ്തേഷ്യ മരുന്ന് ലഹരിക്കായി സ്വയം കുത്തിവച്ച യുവാക്കൾ മരിച്ചു.
ഹൈദരാബാദിലെ ചന്ദ്രയാൻ​ഗുട്ട പ്രദേശത്താണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർമാരായ ജ​ഹാൻ​ഗീർ ഖാൻ (25), സെയ്ദ് ഇർഫാൻ (29) എന്നിവരാണ് മരിച്ചത്.
ചന്ദ്രയാൻ​ഗുട്ട മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന 'അട്രാനിയം 25 മില്ലിഗ്രാം'- എന്ന മരുന്നാണ് ഇവർ ഉപയോ​ഗിച്ചത്. അട്രാനിയത്തിന്റെ ആംപ്യൂളും സിറിഞ്ചുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
ഡിസംബർ രണ്ടിന് രാത്രി, ഇരുവരും ഒരു സുഹൃത്തിനോട് 'ടെർമിൻ' എന്നറിയപ്പെടുന്ന മയക്കുമരുന്ന് ആവശ്യപ്പെട്ടെങ്കിലും അയാളുടെ കൈയിൽ ഉണ്ടായിരുന്നില്ല.
ഇതോടെ, സുഹൃത്ത് അട്രാനിയം ആംപ്യൂളുകൾ ഏർപ്പെടുത്തി നൽകുകയായിരുന്നു.
നിയമവിരുദ്ധ വിതരണക്കാരനിൽ നിന്നാണ് ഇയാൾ മരുന്ന് സംഘടിപ്പിച്ചത്. തുടർന്ന്, ഖാനും ഇർഫാനും മറ്റൊരു സുഹൃത്തും മേൽപ്പാലത്തിനടുത്ത് ഒത്തുകൂടി മരുന്ന് കുത്തിവയ്ക്കുകയായിരുന്നു.
അമിത അളവിൽ മരുന്ന് കുത്തിവച്ചതോടെ ഇർഫാനും ഖാനും ഉടൻ തന്നെ കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്തു. ചെറിയ അളവിൽ മരുന്ന് കുത്തിവച്ച സുഹൃത്തും കുഴഞ്ഞുവീണെങ്കിലും പിന്നീട് ബോധം വീണ്ടെടുത്തു.
അന്വേഷണത്തിൽ, ഈ അനസ്തേഷ്യ മരുന്ന് പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും അധികൃതർക്ക് ​ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തി.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരു ന്യൂറോസർജനും അസിസ്റ്റന്റിനുമെതിരെ കേസെടുക്കുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ന്യൂറോ സർജൻ നവംബർ 26ന് ശസ്ത്രക്രിയയ്ക്കായി അട്രാനിയം ആംപ്യൂളുകൾ ആവശ്യപ്പെട്ടിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം, ഡോക്ടറും അദ്ദേഹത്തിന്റെ സർജിക്കൽ അസിസ്റ്റന്റും ശേഷിക്കുന്ന മരുന്ന് കുപ്പികൾ സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കാതെ ഓപ്പറേഷൻ തിയേറ്ററിൽ അശ്രദ്ധമായി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us