ഹൈദരാബാദ്: കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെലങ്കാന ഹൈക്കോടതി. പകൽ 11ന് മുമ്പും രാത്രി 11ന് ശേഷവും കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു.
16 വയസിൽ താഴെയുള്ള കുട്ടികളെ പകൽ 11ന് മുമ്പുള്ള ഷോയ്ക്കും രാത്രി 11ന് ശേഷമുള്ള ഷോയ്ക്കും പ്രവേശിപ്പിക്കരുതെന്നാണ് കോടതിയുടെ നിർദേശം.
അല്ലു അർജുൻ ചിത്രം പുഷ്പ 2, റാംചരൺ- ശങ്കർ ചിത്രം ഗെയിം ചേഞ്ചർ എന്നിവയുടെ സ്പെഷ്യൽ പ്രീമിയർ ഷോകൾക്കെതിരെ നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് ബി വിജയസേൻ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പാലിക്കുന്നുണ്ടെന്ന് സർക്കാരും തിയറ്റർ മാനേജ്മെന്റും ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി നിർദേശിച്ചു.