ഹൈദരാബാദ് : കളിക്കുന്നതിനിടെ അബദ്ധത്തിൽ ലിഫ്റ്റിൽ കുടുങ്ങി നാലു വയസുകാരൻ മരിച്ചു.
ഹൈദരാബാദിലെ സന്തോഷ് നഗറിലെ മുജ്താബ അപാർട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാൾ സ്വദേശി ശ്യാം ബഹദൂറിന്റെ മകൻ നരേന്ദറാണ് മരിച്ചത്.
ലിഫ്റ്റിനോട് ചേർന്നുള്ള മുറിയിലാണ് ശ്യാമും കുടുംബവും താമസിച്ചിരുന്നത്.
കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ലിഫ്റ്റിന്റെ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെത്തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ചോരയിൽ കുളിച്ച നിലയിൽ ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ ആസിഫ് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.