/sathyam/media/media_files/2025/04/14/jfeB6WLYWLuzQAPmasQp.jpg)
ഹൈദരാബാദ്: പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ സംവരണത്തോത് പുനഃക്രമീകരിച്ച് തെലങ്കാന സര്‍ക്കാര്‍.
ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറുടെ 134-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, 2025 ലെ തെലങ്കാന പട്ടികജാതി (സംവരണ യുക്തി ഭദ്രമാക്കല്‍) നിയമം തെലങ്കാന സര്‍ക്കാര്‍ ഔദ്യോഗികമായി നടപ്പിലാക്കി.
ഇതോടെ, എസ്സി സംവരണങ്ങളുടെ ഉപവര്‍ഗ്ഗീകരണം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി തെലങ്കാന മാറി.
പട്ടികജാതി സമൂഹത്തിനുള്ളിലെ ജാതികള്‍ക്കിടയിലുള്ള അസമത്വങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി.
പുതുതായി നടപ്പിലാക്കിയ നിയമം നിലവിലുള്ള 15 ശതമാനം പട്ടികജാതി സംവരണത്തെ ജനസംഖ്യയുടെയും സാമൂഹിക-സാമ്പത്തിക സൂചകങ്ങളുടെയും അടിസ്ഥാനത്തില്‍ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിക്കുന്നു.
പട്ടികജാതി വിഭാഗങ്ങളിലെ ഉപജാതികള്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ തുല്യമായി വിതരണം ചെയ്യണമെന്ന് ദീര്‍ഘകാലമായ ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ച് മഡിഗ സംവരണ പൊറാട്ട സമിതി (എംആര്‍പിഎസ്) മൂന്ന് പതിറ്റാണ്ടിലേറെയായി പ്രക്ഷോഭം നടത്തിവരികയാണ്.