ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ. ജഗന്‍ മോഹന്‍ റാവുവിനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയും തെലങ്കാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.
2025 ഐപിഎല്‍ സീസണിലെ ടിക്കറ്റ് വിതരണത്തില്‍ ഉണ്ടായ ഗുരുതരമായ ക്രമക്കേടുകളും, സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫ്രാഞ്ചൈസി ഉന്നയിച്ച പരാതികളും അടിസ്ഥാനമാക്കിയാണ് നടപടി.
അറസ്റ്റിലായവരില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സി. ജെ. ശ്രീനിവാസ്, സിഇഒ സുനില്‍ കാന്റെ, ശ്രീ ചക്ര ക്രിക്കറ്റ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര യാദവ്, പ്രസിഡണ്ട് ജി. കവിത എന്നിവരും ഉള്‍പ്പെടുന്നു.
ഇവര്‍ക്കെതിരെ വ്യാജ രേഖകള്‍ ഉപയോഗിക്കല്‍, തട്ടിപ്പ്, അസോസിയേഷന്‍ ഫണ്ടുകളുടെ ദുരുപയോഗം, ക്രിമിനല്‍ വിശ്വാസഭംഗം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ അധികമായി സൗജന്യ ടിക്കറ്റുകള്‍ ആവശ്യപ്പെട്ടുവെന്നും, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോം മത്സരങ്ങള്‍ മാറ്റുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് ആരോപണം.
2025 ഐപിഎല്‍ സീസണില്‍, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ കോര്‍പ്പറേറ്റ് ബോക്‌സ് ലോക്ക് ചെയ്ത് അധിക ടിക്കറ്റുകള്‍ ആവശ്യപ്പെട്ടുവെന്നും, സണ്‍റൈസേഴ്സ് ഹൈദരാബാദ് മാനേജ്‌മെന്റിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.