നരഹത്യ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നടൻ അല്ലു അർജുന് പൊലീസിന്റെ നോട്ടിസ്

New Update
Allu Arjun, prisoner number 7697, released after spending night in jail

ഹൈദരാബാദ്∙ നരഹത്യ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നടൻ അല്ലു അർജുന് പൊലീസിന്റെ നോട്ടിസ്. ചൊവാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനിൽ‌ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടിസ് അയച്ചത്. ഡിസംബർ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

Advertisment

അല്ലു അർജുൻ നായകനായ പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് നടനെതിരെ കേസെടുത്തത്. ഡിസംബർ 4നു ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം.

ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമാണ് രേവതി, പുഷ്പ 2 പ്രീമിയർ ഷോ കാണാൻ എത്തിയത്. അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്.

സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്. അല്ലു അർജുന്റെ  വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു.

Advertisment