കുറ്റക്കാരിയായി ചിത്രീകരിക്കാനുള്ള മാധ്യമ വിചാരണ ശരിയല്ല; വിദഗ്ധ സമിതിക്ക് മൊഴി നല്‍കും; തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച്‌ വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ

സിവില്‍ സര്‍വീസ് ലഭിക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് അടുത്തിടെ വിവാദത്തില്‍പെട്ട  ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ രംഗത്ത്.

New Update
Puja Khedkar

മുംബൈ: സിവില്‍ സര്‍വീസ് ലഭിക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് അടുത്തിടെ വിവാദത്തില്‍പെട്ട  ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ രംഗത്ത്. പൂജ സമര്‍പ്പിച്ച ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ഒബിസി നോൺ-ക്രീമി ലെയര്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നായിരുന്നു ആരോപണം.

ഇന്ത്യൻ ഭരണഘടന 'കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധി' എന്ന വസ്തുതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, തന്നെ കുറ്റക്കാരിയായി ചിത്രീകരിക്കാനുള്ള മാധ്യമ വിചാരണ ശരിയല്ലെന്നും പൂജ പറഞ്ഞു. വിദഗ്‌ധ സമിതിക്ക് മുന്നിൽ മൊഴി നൽകും. കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അധികാര ദുർവിനിയോഗം ആരോപിച്ച് അടുത്തിടെയാണ് ഐഎഎസ് ഉദ്യോഗസ്ഥയെ പൂനെയിൽ നിന്ന് മഹാരാഷ്ട്രയിലെ വാഷിമിലേക്ക് സ്ഥലം മാറ്റിയത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷയിൽ 821-ാം റാങ്ക് നേടിയ ഒരു പ്രൊബേഷണറി ഐഎഎസ് ഓഫീസറാണ് അവർ.

Advertisment

യുപിഎസ്‌സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവുകൾ ലഭിക്കാൻ വ്യാജ ഭിന്നശേഷി, വ്യാജ ഒബിസി ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയെന്നാണ് ആരോപണം. 2022 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കര്‍.  കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. 

മെഡിക്കല്‍ പരിശോധനയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ ഒഴിവാക്കി. 2022 ഏപ്രില്‍ 22ന് ഡല്‍ഹിയിലെ എയിംസിലാണ് ആദ്യം മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ മറ്റ് അവസരങ്ങളിലും ഇവര്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഓരോ കാരണങ്ങളും പറഞ്ഞ് ഹാജരായില്ല. 

ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള വ്യാജ മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കിയെന്നാണ് ആരോപണം. തുടര്‍ന്ന് യുപിഎസ്‌സി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. 2023 ഫെബ്രുവരി 23ന് പൂജയ്‌ക്കെതിരെ വിധിയും വന്ന്. എന്നാല്‍ പിന്നീട് യുവതിയുടെ എംആര്‍ഐ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുകയും, ഐഎഎസ് ലഭിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ക്രീമി ലെയർ പദവിയിലേക്കുള്ള പൂജ  ഖേദ്കറിൻ്റെ അവകാശവാദങ്ങളിലും പൊരുത്തക്കേടുകൾ കണ്ടെത്തി. പൂജ ഖേദ്കറിൻ്റെ പിതാവ് ദിലീപ് ഖേദ്കറുടെ സമ്പത്ത് 40 കോടിയാണെന്ന്‌ വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭാർ പറഞ്ഞു. പിതാവിൻ്റെ സമ്പത്ത് കണക്കിലെടുക്കുമ്പോൾ, ഒബിസി നോൺ ക്രീമി ലെയർ പദവിക്കുള്ള ഖേദ്കറിൻ്റെ യോഗ്യത ചോദ്യം ചെയ്യപ്പെടുകയാണ്. 

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വഞ്ചിത് ബഹുജൻ ആഘാഡി ടിക്കറ്റിൽ ദിലീപ് ഖേദ്കർ മത്സരിച്ചിരുന്നു. അധികാര ദുർവിനിയോഗ പരാതിയെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഖേദ്കറെ പൂനെയിൽ നിന്ന് വാഷിമിലേക്ക് മാറ്റിയത് വിവാദമായതിന് പിന്നാലെയാണ് യുവതിക്കെതിരെ പുതിയ ആരോപണങ്ങള്‍ വരുന്നത്. പൂജയുടെ നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്നാണ് ആരോപണം.

Advertisment