ഡൽഹി: വിവാദങ്ങൾ വിട്ടൊഴിയാതെ ഐസി 814 ദ കാണ്ഡഹാർ ഹൈജാക്ക്. അടുത്തിടെ വെബ്‌സീരിസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ നെറ്റ് ഫ്‌ളിക്‌സ് മേധാവിയെ വിശദീകരണം നേടി വിളിച്ചുവരുത്തിയിരുന്നു.
ഇതിന് പിന്നാലെ വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. വെബ് സീരിസ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് കാട്ടിയാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
1999-ൽ അഞ്ച് ഭീകരർ ഇന്ത്യൻ വിമാനമായ ഐസി 814 ഹൈജാക്ക് ചെയ്തതിനെ ആസ്പദമാക്കിയാണ് 'ഐസി 814 ദ കാണ്ഡഹാർ ഹൈജാക്ക്' എന്ന പേരിൽ വെബ് സീരീസ് ഒരുക്കിയത്. സീരീസിൽ, ഭീകരരുടെ പേരുകൾ മാറ്റിയെന്ന് ആരോപിച്ചാണ് വ്യാപകമായി പ്രതിഷേധം ഉയരുന്നത്.
സോഷ്യൽ മീഡിയയിലടക്കം വിവാദം പുകയുന്ന സാഹചര്യത്തിലാണ്, നെറ്റ്ഫ്‌ലിക്‌സ് കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗില്ലിനെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വിളിച്ചു വരുത്തിയത്. അനുഭവ് സിൻഹയാണ് വെബ് സീരീസിന്റെ സംവിധനം. ചീഫ്, ഡോക്ടർ, ബർഗർ, ഭോല, ശങ്കർ എന്നീ പേരുകളാണ് സീരീസിൽ ഭീകരർക്ക് നൽകിയത്.
ഹിന്ദു പേരുകൾ മനഃപൂർവം നൽകി വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയും മതപരമായ സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന തരത്തിലാണ് ആരോപണം ഉയരുന്നത്. നെറ്റ്ഫ്‌ലിക്‌സും സീരീസും ബഹിഷ്‌ക്കരിക്കാനും സോഷ്യൽ മീഡിയയിലൂടെ ആഹ്വാനമുണ്ട്.
അതേസമയം, കോഡു പേരുകളാണ് സീരീസിൽ ഉപയോഗിച്ചതെന്നാണ് കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്രയുടെ വിശദീകരണം.
നിർമ്മാതാക്കളുടെ വിശദീകരണം വന്നിട്ടും, ബഹിഷ്‌കരണത്തിനായുള്ള ആവശ്യം സോഷ്യൽ മീഡിയയിലുടനീളം ശക്തമായി തുടരുകയാണ്. ബിജെപി നേതാവ് അമിത് മാളവ്യയും സംഭവത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.