ഇന്ത്യ-പാക് പോരാട്ടം നടക്കുമോ? 24 മണിക്കൂറിനുള്ളിൽ നിർണായക തീരുമാനവുമായി പാകിസ്ഥാൻ

ബഹിഷ്‌കരണ നീക്കത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറുമെന്നും കൊളംബോയില്‍ നിശ്ചയിച്ച പ്രകാരം മത്സരം നടക്കുമെന്നുമാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.

New Update
Untitled

ലാഹോര്‍: 2026 ടി20 ലോകകപ്പില്‍ ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം ബഹിഷ്‌കരിക്കാനുള്ള നീക്കത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അടുത്ത 24 മണിക്കൂറിനുള്ളില്‍ അന്തിമ തീരുമാനമെടുക്കും.

Advertisment

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഐസിസി ഉന്നത ഉദ്യോഗസ്ഥരുമായി അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പിസിബി നിലപാട് വ്യക്തമാക്കാനൊരുങ്ങുന്നത്.


ഐസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാം എന്നിവര്‍ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുമായി കൂടിക്കാഴ്ച നടത്തി.

ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതിന് മുന്‍പായി പാകിസ്ഥാന്‍ ഫെഡറല്‍ സര്‍ക്കാരുമായി പിസിബി ചര്‍ച്ച നടത്തും. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.


ലോകക്രിക്കറ്റിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം മുടങ്ങിയാല്‍ അത് ടൂര്‍ണമെന്റിനെ സാമ്പത്തികമായി തകര്‍ക്കുമെന്ന് ഐസിസി വിലയിരുത്തുന്നു. ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യ വരുമാനം എന്നിവയില്‍ വലിയ ഇടിവുണ്ടാകുന്നത് ഇന്ത്യയ്ക്കും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക വിഹിതത്തെയും ബാധിക്കും.


ബഹിഷ്‌കരണ നീക്കത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറുമെന്നും കൊളംബോയില്‍ നിശ്ചയിച്ച പ്രകാരം മത്സരം നടക്കുമെന്നുമാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.

Advertisment