ഡല്‍ഹി: കോവിഡ്-19 വാക്‌സിനുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് പഠനറിപ്പോര്‍ട്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)യും നടത്തിയ വിശദമായ പഠനത്തില്‍, കോവിഡ് വാക്‌സിന് യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വാക്‌സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും, അതിലൂടെ ആരോഗ്യത്തിന് അപകടം ഉണ്ടാകുന്നില്ലെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
ശാസ്ത്രീയ പരിശോധനകളില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ കാരണം എന്നു പറയാന്‍ യാതൊരു തെളിവുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഐസിഎംആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (എന്‍സിഡിസി) നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന കേസുകള്‍ വളരെ അപൂര്‍വമാണെന്നും, വാക്‌സിനെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.