/sathyam/media/media_files/2026/02/25/untitled-2026-02-25-15-25-58.jpg)
ചണ്ഡീഗഢ്: ഹരിയാന സര്‍ക്കാരിന്റെ പഞ്ചായത്ത് വകുപ്പിലെ ഫണ്ടുകള്‍ വകമാറ്റി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ നടന്ന 590 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ നാലുപേരെ ഹരിയാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിയാണ് ഇവരെ പിടികൂടിയത്.
തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ റിഭവ് ഋഷി, അഭിഷേക് സിംഗ്ല, അഭയ്, സ്വാതി എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ റിഭവ് ഋഷി ഐഡിഎഫ്സി ബാങ്കിലെ മുന്‍ മാനേജരും അഭയ് റിലേഷന്‍ഷിപ്പ് മാനേജരുമായിരുന്നു. മറ്റ് രണ്ടുപേര്‍ സ്വകാര്യ പങ്കാളിത്ത സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.
പഞ്ചായത്ത് വകുപ്പില്‍ നിന്നുള്ള പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 300 കോടി രൂപയോളം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നിയമവിരുദ്ധമായി മാറ്റിയതായി കണ്ടെത്തി.
എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വഴിയും പണം കൈമാറിയിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് എസിബി പരിശോധിച്ചു വരികയാണ്.
സര്‍ക്കാരിന് നഷ്ടമായ 556 കോടി രൂപയും 22 കോടി രൂപ പലിശയും ഉള്‍പ്പെടെ മുഴുവന്‍ തുകയും തിരിച്ചുപിടിച്ചതായി മുഖ്യമന്ത്രി നായബ് സിംഗ് സൈനി നിയമസഭയെ അറിയിച്ചു.
ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us