ടെക്സസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ശരിയായ സ്ഥാനം നല്‍കിയാല്‍ അതൊരു മികച്ച അവസരമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനാവുമെങ്കില്‍ അത് നിങ്ങള്‍ക്ക് ഒരു വലിയ അവസരമാണെന്നും, നിങ്ങള്‍ ശരിയായ ദിശയില്‍ അല്ലെങ്കില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെക്‌സസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവേ എഐ പല ജോലികളും ഇല്ലാതാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
ഓരോ പുതിയ സാങ്കേതികവിദ്യയും ചില ജോലികള്‍ ഇല്ലാതാക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ തവണയും നമുക്ക് പുതിയ സാങ്കേതിക വിദ്യകള്‍ ലഭിക്കുമ്പോള്‍ അത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന വാദം ഉയര്‍ന്നുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പ്യൂട്ടറുകള്‍ ആദ്യമായി വന്നപ്പോള്‍ അത് ജോലി ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നു. കാല്‍ക്കുലേറ്ററുകള്‍ ആദ്യം വന്നപ്പോള്‍ അത് ജോലി ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നു. അതുപോലെ എടിഎമ്മുകള്‍ വന്നു, അപ്പോഴും ജോലികള്‍ ഇല്ലാതാകുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന കാഴ്ചപ്പാട് എനിക്കില്ല. എല്ലാ ജോലികളും അപ്രത്യക്ഷമാകുമെന്ന് ഞാന്‍ കരുതുന്നില്ല. ചില ജോലികള്‍ മാത്രമേ ഇല്ലാതാകുന്നുള്ളൂ. അതേസമയം പല മേഖലകളിലുമായി വ്യത്യസ്ത തരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഇത് ഒരുപാട് പേര്‍ക്ക് പ്രയോജനപ്പെട്ടേക്കാം. ചിലവര്‍ക്ക് പ്രയോജനപ്പെടാതെയുമിരിക്കാം. വ്യത്യസ്ത തരത്തിലുള്ള സംവിധാനങ്ങള്‍ വരുമ്പോള്‍ പലതരത്തില്‍ പ്രയോജനം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എഐ കാരണം ഇന്ത്യയിലെ ഐടി വ്യവസായത്തിന് ഗുരുതര പ്രശ്നമുണ്ടാകുമെന്നും എന്നാല്‍ ബജാജ് സ്‌കൂട്ടര്‍ വ്യവസായത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനര്‍ത്ഥം ചില മേഖലയില്‍ ജോലികള്‍ അപ്രത്യക്ഷമാകുമ്പോള്‍ ചില മേഖലയെ ബാധിക്കില്ലെന്നാണ്. ചില ജോലികള്‍ പുതിയതായി വന്നേക്കാം.
'ഇന്ത്യക്കാര്‍ക്ക് കമ്പ്യൂട്ടറുകള്‍ ആവശ്യമില്ലെന്ന് വാജ്പേയി ഒരു പ്രസംഗത്തില്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ത്യക്കാര്‍ക്ക് ഇംഗ്ലീഷ് ആവശ്യമില്ലെന്ന് മറ്റൊരാളും പറഞ്ഞിരുന്നു. എന്നാല്‍ കമ്പ്യൂട്ടറുകള്‍ ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
നിങ്ങള്‍ എത്രമാത്രം കാര്യശേഷിയുള്ളതാണെന്നും, ഭാവിയെ എങ്ങനെ നോക്കികാണുന്നു എന്നതിനെയും അനുസരിച്ചാണ് നിങ്ങളുടെ ഭാവി എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.' രാഹുല്‍ ഗാന്ധി പറഞ്ഞു.