ഡല്‍ഹി: ഗുജറാത്തിലെ ലോഥല്‍ പുരാവസ്തു സൈറ്റിലെ 10 അടി താഴ്ചയുള്ള കുഴിയില്‍ മണ്ണ് ഇടിഞ്ഞുവീണ് ഗവേഷക സംഘത്തിലെ ഒരു വനിതാ വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അഹമ്മദാബാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ലോഥല്‍, പുരാതന സിന്ധു നദീതട സംസ്‌കാരത്തിന്റെ പ്രാധാന്യമുള്ള കേന്ദ്രമായി കണക്കാക്കപ്പെടുന്നു.
ഐഐടി ഡല്‍ഹി, ഐഐടി ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ വീതമുള്ള സംഘം ബുധനാഴ്ച ഹാരപ്പന്‍ തുറമുഖ നഗരമായ ലോഥലിലെ പുരാവസ്തു അവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ച് പഠനത്തിനായി മണ്ണ് സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെയാണ് സംഭവം.
ഐഐടി ഡല്‍ഹി വിദ്യാര്‍ത്ഥിനിയായ 24 കാരിയായ സുരഭി വര്‍മയും പുരാവസ്തു ഗവേഷകനായ പ്രൊഫസര്‍ യമ ദീക്ഷിതും (45) സാമ്പിള്‍ ശേഖരിക്കാന്‍ 10 അടി താഴ്ചയുള്ള കുഴിയില്‍ ഇറങ്ങിയപ്പോള്‍ പെട്ടെന്ന് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു.
സുരഭിവര്‍മ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യമ ദീക്ഷിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ആംബുലന്‍സും ഫയര്‍ഫോഴ്സും ലോക്കല്‍ പോലീസ് സംഘവും ഉടന്‍ സ്ഥലത്തെത്തിയെന്ന് അഹമ്മദാബാദ് റൂറല്‍ എസ്പി ഓംപ്രകാശ് ജാട്ട് പറഞ്ഞു. ദീക്ഷിതിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.