ഐ.ഐ.ടി കാൺപൂരിൽ വീണ്ടും ആത്മഹത്യ: മൂന്നാഴ്ചക്കിടെ രണ്ടാമത്തെ സംഭവം; പിഎച്ച്‌ഡി വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

രാംസ്വരൂപ് ഏറെ നാളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചു. ഇതിനുമുമ്പ് പലതവണ അദ്ദേഹം കൗണ്‍സിലിംഗിന് വിധേയനായിട്ടുണ്ട്.

New Update
Untitled

കാണ്‍പൂര്‍: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി കാണ്‍പൂരില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 25 വയസ്സുകാരനായ പിഎച്ച്ഡി വിദ്യാര്‍ത്ഥി കാമ്പസിലെ താമസസ്ഥലത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. കഴിഞ്ഞ 23 ദിവസത്തിനിടെ ഐ.ഐ.ടി കാണ്‍പൂരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

Advertisment

എര്‍ത്ത് സയന്‍സ് വിഭാഗത്തിലെ ഗവേഷകനായ രാംസ്വരൂപ് ഇഷ്രാം ആണ് മരിച്ചത്. രാജസ്ഥാനിലെ ചുരു ജില്ല സ്വദേശിയായ ഇദ്ദേഹം ഭാര്യ മഞ്ജുവിനും മൂന്ന് വയസ്സുള്ള മകള്‍ക്കുമൊപ്പം കാമ്പസിനുള്ളിലെ ന്യൂ എസ്.ബി.ആര്‍.എ ബ്ലോക്കിലായിരുന്നു താമസം. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ ഉടന്‍ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.


മാനസിക സമ്മര്‍ദ്ദം മൂലമെന്ന് പോലീസ്

രാംസ്വരൂപ് ഏറെ നാളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചു. ഇതിനുമുമ്പ് പലതവണ അദ്ദേഹം കൗണ്‍സിലിംഗിന് വിധേയനായിട്ടുണ്ട്.

കല്യാണ്‍പൂര്‍ പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


നേരത്തെ ഡിസംബര്‍ 29-ന് ഐ.ഐ.ടി കാണ്‍പൂരിലെ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയായ ജയ് സിംഗ് മീണയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ ഇദ്ദേഹം ബയോളജിക്കല്‍ സയന്‍സ് ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയത് കാമ്പസിനെ നടുക്കിയിരിക്കുകയാണ്.


ഐ.ഐ.ടി കാണ്‍പൂര്‍ ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Advertisment