/sathyam/media/media_files/2026/01/30/ilayaraja-2026-01-30-16-44-11.jpeg)
ഛത്രപതി സംഭാജിനഗർ: ആധുനിക സാങ്കേതികവിദ്യ സംഗീതത്തെ വേഗത്തിലാക്കിയെങ്കിലും വികാരങ്ങളിൽ നിന്ന് ജനിക്കുന്ന സംഗീതം മാത്രമേ ഹൃദയത്തിൽ സ്പർശിക്കൂ എന്ന് സംഗീത ഇതിഹാസം ഇളയരാജ.
പതിനൊന്നാമത് അജന്ത-എല്ലോറ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (AIFF) ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇളയരാജയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള 'പദ്മപാണി' പുരസ്കാരം സമ്മാനിച്ചു.
രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും പൈതാനി ഷാളും അടങ്ങുന്നതാണ് പുരസ്കാരം. ആധുനിക കാലത്ത് കീബോർഡിലെ ഒരു ബട്ടൺ അമർത്തിയാൽ സംഗീതം ഉണ്ടാക്കാമെന്നും ഓരോ വീട്ടിലും സംഗീത സംവിധായകർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കഠിനമായ പരിശീലനത്തിലൂടെയും ആത്മാവിൽ നിന്നുണ്ടാകുന്ന ഈണങ്ങളുമാണ് ജനഹൃദയങ്ങളിൽ നിലനിൽക്കുക. തന്റെ കരിയറിലെ 1545-ാമത്തെ ചിത്രത്തിന്റെ കമ്പോസിംഗ് പൂർത്തിയാക്കിയ ശേഷമാണ് ചടങ്ങിനെത്തിയതെന്നും താൻ ഇന്നും സംഗീതത്തിലെ ഒരു വിദ്യാർത്ഥിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാൻസലർ അങ്കുഷ്റാവു കദം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ഇളയരാജയ്ക്ക് ആദരമർപ്പിച്ചു. സദസ്സിന്റെ അഭ്യർത്ഥനപ്രകാരം തന്റെ ഹിറ്റ് ഗാനമായ 'ജനനി ജനനി...' അദ്ദേഹം ആലപിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. നടി ഭാഗ്യശ്രീ ബോർസെയെ ചടങ്ങിൽ ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us