മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിന്റെ അറസ്റ്റ്. മണിപ്പുരിൽ വീണ്ടും സംഘർഷം. ഇന്റർനെറ്റ് നിരോധിച്ചു. നിരോധനാജ്ഞ

വംശീയ കലാപത്തില്‍ പങ്കുള്ള കുക്കി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

New Update
manipur

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

Advertisment

ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ് അടുത്ത അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കിയത്.

ശനിയാഴ്ച രാത്രി 11. 45 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ബിഷ്ണുപൂര്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ഥൗബല്‍, കാചിങ് ജില്ലകളില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ഇയാളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം അക്രമങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

 ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു.

സാമൂഹിക വിരുദ്ധര്‍ വിദ്വേഷ പരാമര്‍ശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണക്കാക്കിയാണ് നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി എന്‍ അശോക് കുമാര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ എ കെ ഭല്ലയുടെ ഉത്തരവിനെ തുടര്‍ന്ന് ആരംഭായ് തെങ്കോല്‍ ആയുധങ്ങള്‍ അടിയറവ് വെച്ചിരുന്നു.

വംശീയ കലാപത്തില്‍ പങ്കുള്ള കുക്കി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

2023 ഒക്ടോബറില്‍ പൊലീസുദ്യോഗസ്ഥനെ സ്നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍, മണിപ്പുരിലെ മൊറെയില്‍ നിന്ന് കുക്കി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കുക്കികളും പ്രതിഷേധിച്ചിരുന്നു.