/sathyam/media/media_files/2026/02/17/untitled-2026-02-17-15-58-21.jpg)
ലണ്ടന്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ ഖാന് തടവില്‍ മികച്ച ചികിത്സയും മാനുഷിക പരിഗണനയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരടങ്ങുന്ന മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്‍മാരുടെ സംഘം.
ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളാകുന്നതിലും അദ്ദേഹത്തിന് നേരെ നടക്കുന്ന പെരുമാറ്റത്തിലും ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് ഇവര്‍ പാക് സര്‍ക്കാരിന് കത്തയച്ചത്.
ഫെബ്രുവരി 17-ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളാണ് ഒപ്പുവെച്ചിരിക്കുന്നത്. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് (ഇന്ത്യ), അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, ഗ്രെഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍ (ഓസ്‌ട്രേലിയ), മൈക്കല്‍ ആതര്‍ട്ടണ്‍, ഡേവിഡ് ഗോവര്‍, നാസര്‍ ഹുസൈന്‍ (ഇംഗ്ലണ്ട്), ക്ലൈവ് ലോയ്ഡ് (വെസ്റ്റ് ഇന്‍ഡീസ്), ജോണ്‍ റൈറ്റ് (ന്യൂസിലന്‍ഡ്) തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷമായി തടങ്കലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ കാഴ്ചശക്തി ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹത്തിന്റെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ എന്തുതന്നെയായാലും, പാകിസ്ഥാന്റെ തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം മാന്യമായ പരിഗണന അര്‍ഹിക്കുന്നു. വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും കൃത്യമായ ചികിത്സയും അദ്ദേഹത്തിന് ഉറപ്പാക്കണം.
കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യം അനുവദിക്കണം. നിയമനടപടികള്‍ സുതാര്യവും നീതിയുക്തവുമായിരിക്കണം.
1992-ല്‍ പാകിസ്ഥാനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഖാന്റെ നേതൃപാടവത്തെയും കായിക ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെയും പ്രസ്താവനയില്‍ അനുസ്മരിച്ചു. കായിക ചരിത്രം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും താരങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us