ഡൽഹി: ദുബായിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിനു മുന്നോടിയായി 5,000 കോടി രൂപയുടെ വാതുവയ്പ്പ് നടന്നതായി റിപ്പോർട്ട്.
ഈ വാതുവെപ്പുകാരിൽ പലരും അധോലോകവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ക്രിക്കറ്റ് മത്സരങ്ങൾ നടക്കുമ്പോൾ ദുബായ് കേന്ദ്രീകരിച്ച് പ്രധാന വാതുവെപ്പ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.
ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ‘ഡി കമ്പനി’ ദുബായിലെ വലിയ ക്രിക്കറ്റ് മത്സരങ്ങളില്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച്, സെമി ഫൈനൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയതിൽ അഞ്ച് പ്രധാന വാതുവെപ്പുകാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ദുബായിലേക്ക് എത്തിയത്. അവിടെയാണ് വലിയ ശൃംഖല പ്രവർത്തിക്കുന്നത്.
ഇന്ത്യ - ഓസ്ട്രേലിയ സെമി ഫൈനല്‍ മത്സരത്തിനിടെ വാതുവെപ്പിലേര്‍പ്പെട്ടതിന് പര്‍വീണ്‍ കൊച്ചാര്‍, സഞ്ജയ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഉപയോഗിച്ച് വാതുവെപ്പ് നടത്തുന്നതിനിടെയാണ് രണ്ട് വാതുവെപ്പുകാരും പിടിയിലായത്. വാതുവെപ്പിന് ഉപയോഗിക്കുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും വസ്തുക്കളും പോലീസ് കണ്ടെടുത്തു.