/sathyam/media/media_files/U3a4P5mq4Lc8ZxFU5cr0.jpg)
ഡൽഹി: കേന്ദ്രസർക്കാരിനെ തോന്നുംപടി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും തീരുമാനങ്ങളും നിയമങ്ങളുമൊക്കെ ചർച്ചയില്ലാതെ നടപ്പാക്കാനാവില്ലെന്നും പ്രഖ്യാപിച്ച്, അതിശക്തമായ പ്രതിപക്ഷത്തിന്റെ റോൾ ഭംഗിയായി നിർവഹിച്ചാണ് ഇന്ത്യാ മുന്നണി ലോകസഭയിൽ കരുത്ത് തെളിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ റോളിൽ രാഹുൽ ഗാന്ധി തിളങ്ങി. അടുത്ത അഞ്ചു വർഷം സഭ പ്രക്ഷുബ്‌ധമാകുമെന്ന വ്യക്തമായ സൂചന നൽകിയാണ് 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നലെ കൊടിയിറങ്ങിയത്.
കഴിഞ്ഞ രണ്ട് ടേമുകളിലായി ശക്തമായ പ്രതിപക്ഷം ഇല്ലാതിരുന്നതിന്റെ ദോഷം രാജ്യം കണ്ടതാണ്. പ്രതിപക്ഷത്തെ കൂട്ടായമയില്ലായ്മ ഭരണപക്ഷം ശരിക്കും മുതലെടുത്തു. സുപ്രധാന നിയമങ്ങൾ പോലും ബഹളത്തിനിടെ ദോശ ചുട്ടെടുക്കും പോലെ പാസാക്കിയെടുക്കാൻ സർക്കാരിന് കഴിഞ്ഞു. എന്നാൽ ജനവിധി പ്രതിപക്ഷ സഖ്യത്തിന് ഊർജ്ജം പകർന്നിരിക്കുകയാണ്. ലോകസഭാ സമ്മേളനത്തിന്റെ സമാപന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഉടനീളം തടസപ്പെടുത്തിയ പ്രതിപക്ഷം നൽകിയത് ശക്തമായ സന്ദേശമാണ്. പ്രതിപക്ഷത്തിന്റെ ശബ്ദം പാർലമെന്റിൽ ഇനിമുതൽ ശക്തമായ ഉയരുമെന്ന സന്ദേശമാണത്.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ തിങ്കളാഴ്‌ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾക്ക് പ്രധാനമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മണിപ്പൂരിനെ ചൊല്ലിയുള്ള ബഹളത്തിൽ പ്രതിഷേധത്തിലേക്ക് തിരിഞ്ഞത്.
മണിപ്പൂർ അംഗത്തിനെ പ്രസംഗിക്കാൻ അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് സ്‌പീക്കർ ഓം ബിർള പ്രധാനമന്ത്രിയെ ക്ഷണിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങവെ സീറ്റിലിരുന്നും പിന്നീട് എഴുന്നേറ്റും ആവശ്യമുന്നയിച്ചു.
ഇതിനിടെ മണിപ്പൂർ, സിക്കിം, നാഗലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരാണ് ആദ്യം നടുത്തളത്തിലിറങ്ങിയത്. അവർക്ക് പിന്തുണയുമായി മറ്റുള്ളവരും പിന്നാലെ എത്തി. 'മണിപ്പൂരിന് നീതി', 'ഏകാധിപത്യം തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യം വിളികൾ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ മുക്കി. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങിയ ചില അംഗങ്ങൾ പ്രധാനമന്ത്രിയുടെ മുന്നിൽ നിന്നും മുദ്രാവാക്യം വിളി തുടങ്ങി.
മറുപടി പ്രസംഗത്തിന് തയ്യാറെടുത്തു വന്ന പ്രധാനമന്ത്രി പ്രതിപക്ഷ പ്രതിഷേധത്തിൽ ആദ്യമൊന്ന് ഉലഞ്ഞെങ്കിലും പിന്നീട് താളം വീണ്ടെടുത്തു. അതു മനസിലാക്കിയ സ്‌പീക്കർ ഇടയ്‌ക്കിടെ പ്രതിപക്ഷത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതിപക്ഷ ബഹളം ഗൗനിക്കാതെ പ്രധാനമന്ത്രി പ്രസംഗം തുടർന്നു. സർക്കാരിന്റെ നേട്ടങ്ങളും എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രകടനവും വിവരിച്ച് തുടങ്ങിയ പ്രധാനമന്ത്രി അടുത്ത ഘട്ടത്തിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും തിരഞ്ഞുപിടിച്ച് ആക്രമിച്ചു. രാഹുലിനെ പേരുപറയാതെ 'ബാലൻ' എന്നാണ് വിശേഷിപ്പിച്ചത്. രണ്ടുമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴു ഗ്ളാസ് വെള്ളം കുടിച്ചു. ഒരു ഗ്ലാസ് വെള്ളം തന്റെ മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾക്ക് നീട്ടി. തൊണ്ടകീറി മുദ്രാവാക്യം വിളിക്കുകയായിരുന്ന ഹൈബി ഈഡൻ മടികൂടാതെ അതു വാങ്ങികുടിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമെന്ന് പാർലമെന്റിന്റെ ഇരു സഭകളിലും നടന്ന നന്ദി പ്രമേയ ചർച്ചകളിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള എംപിമാർ ചൂണ്ടിക്കാട്ടി. പ്രസംഗം അസത്യങ്ങളും അർത്ഥ സത്യങ്ങളും നിറഞ്ഞതാണെന്ന് സി.പി.ഐ രാജ്യസഭാംഗം പി സന്തോഷ് കുമാർ പറഞ്ഞു. ഘടകകക്ഷികളുടെ പിന്തുണയിൽ വാഴുന്ന മോദി സർക്കാരിന്റെ ആയുസ് വരുന്ന ബിഹാർ തിരഞ്ഞെടുപ്പ് വരെയാണ്. ക്രമക്കേട് നടന്ന സാഹചര്യത്തിൽ നീറ്റ് ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിനുള്ള അനുമതി സംസ്ഥാനങ്ങൾക്കു നൽകണം.
വിലക്കയറ്റം, തൊഴിലില്ലായ്‌മ, ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണം തുടങ്ങിയവ രാഷ‌്‌ട്രപതിയുടെ പ്രസംഗത്തിൽ ഉൾപ്പെടുത്താത്തത് യുക്തിസഹമല്ലെന്ന് പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ പറഞ്ഞു. പ്രസംഗം 10 വർഷത്തെ മോദി സർക്കാരിന്റെ വാഴ്‌ത്തുപാട്ടായി മാറി.
പ്രധാനമന്ത്രിക്കും ബി.ജെ.പി സർക്കാരിലുമുള്ള ജനങ്ങളുടെ അവിശ്വാസം രേഖപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. പണം സമ്പാദിക്കാനും അഴിമതി മറയ്‌ക്കാനും രാമനാമം ജപിക്കുന്ന സർക്കാരാണിതെന്ന് സി.പി.എം രാജ്യസഭാംഗം വി.ശിവദാസൻ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നത് ബി.ജെ.പി സർക്കാരിന്റെ അഴിമതിയുടെ ആഴം വെളിപ്പെടുത്തുന്നു. നീറ്റ് പരീക്ഷയിൽ സുതാര്യത ഉറപ്പാക്കി ഗുണനിലവാരം സംരക്ഷിക്കണം. സർക്കാർ പരീക്ഷാ സംവിധാനം തകർത്ത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കുറ്റവാളികളെ സംരക്ഷിക്കുകയാണ്. രാഷ്ട്രപതി നടത്തിയ പ്രസംഗം രാജ്യത്തിന്റെ സാമൂഹിക - രാഷ്ട്രീയ പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് രാജ്യസഭയിലെ സി.പി.എം എംപി എ.എ റഹീം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us