/sathyam/media/media_files/2025/09/13/misoram-2025-09-13-07-01-16.jpg)
മിസോറം: സംസ്ഥാനം ഇന്ന് മുതൽ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമാകുകയാണ്. ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നതോടെ മിസോറമിലൂടെ ഇനി തീവണ്ടികളോടി തുടങ്ങും. പുതിയ റെയിൽപാത വരുന്നതോടെ തലസ്ഥാനമായ ഐസ്‌വാളിലേക്കുള്ള റെയിൽവേ ഗതാഗതവും സ്ഥാപിതമാകും.
മിസോറം ജനതയുടെ നീണ്ട കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് 78 വർഷങ്ങൾക്ക് ശേഷം മിസോറമിലൂടെ ട്രെയിൻ ഓടിത്തുടങ്ങും.
നോർത്ത് ഈസ്റ്റ് ഫ്രണ്ടിയറിന്റെ ഭാഗമായി വിഭാവനം ചെയ്തതാണ് ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ. മലമടക്കുകൾക്കിടയിലൂടെയുള്ള ഈ റെയിൽവേ പാത നിർമിക്കുക ഏറെ ദുഷ്കരമായ ദൗത്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് പാതയുടെ നിർമാണം പൂർത്തിയാകാൻ 11 വർഷമെടുത്തത്.
2008ൽ മൻമോഹൻ സിംഗ് സർക്കാരാണ് ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ശേഷം പിന്നീട് ആറ് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു പാതയുടെ നിർമാണം ആരംഭിക്കാൻ. ഒടുവിൽ 2014 നവംബർ 29ന് റെയിൽവേ ലൈനിന്റെ തറക്കല്ലിടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇതിന് ശേഷം 11 വർഷം കൂടി കാത്തിരിക്കേണ്ടി റെയിൽവേ ലൈൻ പ്രവർത്തന സജ്ജമാകാൻ.
1899 മുതൽ ബൈരാബിയിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിലും ഇത് നാരോ ഗേജായിരുന്നു. ബൈരാബി-സായ്‌രങ് പാത പ്രഖ്യാപിക്കുന്നതിന് ഒരു വർഷം മുൻപ് ഈ റെയിൽവേ സ്റ്റേഷൻ പൂട്ടി. 2016ൽ ബൈരാബി വരെയുള്ള പാത ബ്രോഡ് ഗേജാക്കി.
ഇതോടെ അസമിലെ സിൽച്ചറിൽ നിന്ന് ബൈരാബി വരെ ട്രെയിൻ എത്തിത്തുടങ്ങി. പിന്നീട് ബൈരാബിയിൽ നിന്ന് സായ്‌രങ് വരെയുള്ള 51.38 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയുടെ നിർമാണം ആരംഭിച്ചു.