/sathyam/media/media_files/2025/09/12/air-india-express-2025-09-12-17-51-29.jpg)
ഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ധാരണയായി. ഒക്ടോബര്‍ അവസാനത്തോടെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
2020ല്‍ കോവിഡ് കാലത്താണ് ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. പിന്നീട് ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയായിരുന്നു.
വിമാന സര്‍വീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ തമ്മില്‍ സാങ്കേതികതല ചര്‍ച്ചകള്‍ നടന്നു വരുകയായിരുന്നു.
ഈ ചര്‍ച്ചകളുടെ ഫലമായി ഒക്ടോബര്‍ അവസാനത്തോടെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്സിഒ) ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തിരുന്നു.