/sathyam/media/media_files/2026/01/28/untitled-2026-01-28-09-34-41.jpg)
ഡല്‍ഹി: ലോക വ്യാപാര രംഗത്ത് വലിയ മാറ്റങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിതുറന്ന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി.
20 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് ഈ 'മെഗാ ഡീല്‍' പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നതിനിടയിലാണ് ഇന്ത്യയുടെ ഈ നിര്‍ണ്ണായക നീക്കം.
ലോക സമ്പദ്വ്യവസ്ഥയുടെ നാലിലൊന്നും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഈ കരാര്‍ പ്രതിനിധീകരിക്കുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും യൂറോപ്പിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കും ഇത് വലിയ അവസരങ്ങള്‍ നല്‍കും.
അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ വൈകുന്നതും ട്രംപിന്റെ കടുത്ത താരിഫ് നയങ്ങളും ഈ കരാര്‍ വേഗത്തിലാക്കാന്‍ ഇന്ത്യയെയും യൂറോപ്പിനെയും പ്രേരിപ്പിച്ചു.
കരാര്‍ നടപ്പിലാകുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രംപ് ഭരണകൂടം ഈ കരാറിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഈ കരാര്‍ പരോക്ഷമായി റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് ഫണ്ട് നല്‍കുന്നതിന് തുല്യമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആരോപിച്ചു.
'റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ ഞങ്ങള്‍ 25% താരിഫ് ഏര്‍പ്പെടുത്തി. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പിട്ടിരിക്കുന്നു. ഇന്ത്യയില്‍ ശുദ്ധീകരിച്ച റഷ്യന്‍ എണ്ണ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ യൂറോപ്പ് തങ്ങള്‍ക്കെതിരെ തന്നെയുള്ള യുദ്ധത്തിനാണ് പണം നല്‍കുന്നത്,' അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപിന്റെ താരിഫ് നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കാനഡ കരാറിനെ സ്വാഗതം ചെയ്തു. താരിഫുകളും സാമ്പത്തിക സമ്മര്‍ദ്ദങ്ങളും ആയുധമാക്കുന്ന ആഗോളാധിപത്യ ശക്തികള്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഇന്ത്യ-ഇയു കരാറെന്ന് കാനഡ ഊര്‍ജ്ജ മന്ത്രി ടിം ഹോഡ്സണ്‍ പറഞ്ഞു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ആഗോള ക്രമത്തില്‍ അസ്ഥിരത നിലനില്‍ക്കുന്ന സമയത്ത് ഈ പങ്കാളിത്തം വലിയ കരുത്തുനല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിയമപരമായ പരിശോധനകള്‍ക്ക് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ പൂര്‍ണ്ണമായും നടപ്പിലാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us