/sathyam/media/media_files/2025/08/23/images-39-2025-08-23-20-34-35.jpg)
ഡൽഹി: അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും ഓഗസ്റ്റ് 25 മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് തപാൽ വകുപ്പ്. യുഎസ് കസ്റ്റംസ് ചട്ടങ്ങളില്‍ ഓഗസ്റ്റ് അവസാനം നിലവില്‍ വരുന്ന മാറ്റങ്ങൾ ചൂണ്ടിക്കാണിച്ചാണ് തപാല്‍ വകുപ്പിന്റെ നടപടി.
800 ഡോളര്‍വരെ വിലമതിക്കുന്ന സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഡി മിനിമിസ് ഇളവ് പിന്‍വലിക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവ് ജൂലൈമാസം മുപ്പതാം തീയതിയാണ് യുഎസ് പുറപ്പെടുവിച്ചത്.
ഓഗസ്റ്റ് 29-ാം തീയതി മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍വരിക. കത്തുകൾ, രേഖകൾ, 100 യുഎസ് ഡോളര്‍വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാകും തല്‍ക്കാലത്തേക്ക് ഇളവുണ്ടാകുകയെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 29 മുതൽ, “യുഎസ്എയിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ വസ്തുക്കളും, അവയുടെ മൂല്യം പരിഗണിക്കാതെ, രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക പവർ ആക്ട് (ഐഇഇപിഎ) താരിഫ് ചട്ടക്കൂട് അനുസരിച്ച് കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കും” എന്ന് വകുപ്പ് ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സേവനങ്ങൾ ഉടൻ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവയും 25 ശതമാനം പിഴയും ചുമത്തിയതിനെത്തുടർന്ന് വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് ഈ മാറ്റം.