/sathyam/media/media_files/2025/12/05/2743671-modi-putin-2025-12-05-16-11-20.webp)
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ പങ്കിനെ പ്രശംസിച്ച മോദി ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും കൂട്ടിച്ചേർത്തു.
ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
തൊഴിൽ, കുടിയേറ്റം, ആരോഗ്യം, ഷിപ്പിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് കരാറുകൾ. കൂടാതെ, 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സൈനിക സഹകരണം കൂട്ടാനും ധാരണയായി.
റഷ്യ-യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ ഇന്ത്യ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു.
വ്യാഴാഴ്ചയാണ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തിയത്. ഇന്നു രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ പുടിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് ആചാരപരമായ വരവേല്പു നല്കിയിരുന്നു. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. വൈകുന്നേരം രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം രാത്രി ഒമ്പതിന് അദ്ദേഹം റഷ്യയിലേക്ക് മടങ്ങും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us