/sathyam/media/media_files/2026/02/07/untitled-2026-02-07-15-25-47.jpg)
ഡല്‍ഹി: അമേരിക്കയുമായി നിലവില്‍ വരാനിരിക്കുന്ന വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്കോ ചെറുകിട വ്യവസായങ്ങള്‍ക്കോ യാതൊരു ദോഷവും വരുത്തില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍.
ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി നിരവധി ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ ഇനി മുതല്‍ പൂജ്യം ശതമാനം നികുതിയില്‍ പ്രവേശനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടക്കാല വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.
ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, വെളിച്ചെണ്ണ എന്നിവയ്ക്ക് പുറമെ മാമ്പഴം, വാഴപ്പഴം, പപ്പായ, പൈനാപ്പിള്‍, കൂണ്‍, സെസേമി വിത്തുകള്‍ തുടങ്ങിയവയ്ക്കും അമേരിക്കയില്‍ നികുതി നല്‍കേണ്ടതില്ല.
ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ച ഉല്‍പ്പന്നങ്ങളെ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം റെഡ് സോര്‍ഗം, വൈന്‍ തുടങ്ങിയ പരിമിതമായ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യ അമേരിക്കയ്ക്ക് ഇളവ് നല്‍കിയിരിക്കുന്നത്.
13 ബില്യണ്‍ ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി, വജ്രം, സ്മാര്‍ട്ട് ഫോണുകള്‍, വിമാന ഭാഗങ്ങള്‍, ഓട്ടോ പാര്‍ട്സുകള്‍ എന്നിവയ്ക്കും അമേരിക്കന്‍ വിപണിയില്‍ നികുതി ഇളവ് ലഭിക്കും.
ചൈന (35%), വിയറ്റ്‌നാം (20%) എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ കുറഞ്ഞ നികുതി (18%) മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ മുന്‍തൂക്കം നല്‍കും.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം മുന്‍പ് ചുമത്തിയിരുന്ന 25% അധിക നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയതായും ഗോയല്‍ അറിയിച്ചു.
ഇതോടെ ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാകും. മാര്‍ച്ച് പകുതിയോടെ കരാറില്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us