ഡല്‍ഹി: ഏപ്രില്‍ 2 മുതല്‍ ഇന്ത്യയ്ക്ക് മേല്‍ പരസ്പര തീരുവ ചുമത്താനുള്ള തീരുമാനത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വികസിത രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ഉഭയകക്ഷി കരാറുകള്‍ വഴി മുന്നോട്ട് കൊണ്ടുപോകാനുള്ള രാജ്യത്തിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായി തീരുവ ഗണ്യമായി കുറയ്ക്കാനാണ് ഇന്ത്യയുടെ നീക്കം.
മുന്‍കാലങ്ങളിലും, നിരവധി ഉഭയകക്ഷി വ്യാപാര കരാറുകള്‍ പ്രകാരം ഓസ്ട്രേലിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ ശരാശരി ബാധകമായ താരിഫ് കുറച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായും യുകെയുമായും സമാനമായ കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ നിലവില്‍ നടക്കുന്നുണ്ട്.
ബാധകമായ താരിഫ് കുറയ്ക്കുന്നതിനായി ഇന്ത്യയും യുഎസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഈ സന്ദര്‍ഭത്തില്‍ കാണണമെന്നും ട്രംപിന്റെ സമയപരിധി ആസന്നമായതു കൊണ്ടല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ പിന്‍വലിക്കണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍, ഇന്ത്യ അതിന്റെ വ്യാപാര സംരക്ഷണം ഉപേക്ഷിക്കുകയും പകരം ഇളവുകള്‍ ലഭിക്കാതിരിക്കുകയും ചെയ്യും.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉഭയകക്ഷി വ്യാപാരം 118.2 ബില്യണ്‍ ഡോളറിലെത്തി.
2030 ആകുമ്പോഴേക്കും 500 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം എന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ, ഈ വര്‍ഷം അവസാനത്തോടെ പരസ്പര പ്രയോജനകരമായ ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.