ഡല്‍ഹി: ഇന്ത്യ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക പുനഃപരിശോധിക്കുന്നെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ യുഎസ് നടപടിക്ക് മറുപടിയായി രാജ്യം കടുത്ത നടപടികളിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് മന്ത്രാലയം നിഷേധിക്കുന്നത്.
തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയം എക്സില്‍ അറിയിച്ചു.
അമേരിക്കയുമായുള്ള ഉഭയകക്ഷി കരാറുകള്‍ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ പരിശോധിക്കുകയാണെന്നും സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികള്‍ക്ക് മറുപടിയായി കരാറുകള്‍ പക്ഷം മരവിപ്പിച്ചേക്കുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
താരിഫ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി അമേരിക്കയില്‍ നിന്നുള്ള പ്രതിനിധി സംഘം ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.