ഡല്‍ഹി: മാലിയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ സുരക്ഷിതവും വേഗത്തിലും മോചിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മാലിയിലെ കെയ്സ് നഗരത്തിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലാണ് ഈ സംഭവം നടന്നത്. സായുധരായ അക്രമികള്‍ ഫാക്ടറിയില്‍ റെയ്ഡ് നടത്തുകയും മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കുകയും ചെയ്തു.
ജൂലൈ ഒന്നിന് ആസൂത്രിതമായി നടന്ന ഈ ആക്രമണത്തില്‍ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടാകാമെന്ന ആശങ്കയുണ്ടെങ്കിലും, ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. 'ഈ നിന്ദ്യമായ അക്രമത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ സുരക്ഷിതവും വേഗത്തിലും മോചിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മാലി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,' എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.