ഇറാനിൽ സംഘർഷം കടുക്കുന്നു; ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് നിർദ്ദേശം

വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

New Update
Untitled

ഡല്‍ഹി: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുകയും സുരക്ഷാ സാഹചര്യം മോശമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ എംബസി.

Advertisment

തിങ്കളാഴ്ചയാണ് എംബസി പുതിയ യാത്രാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ലഭ്യമായ വിമാന സര്‍വീസുകളോ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങണമെന്നാണ് നിര്‍ദ്ദേശം.


വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


നിലവില്‍ ഇറാനില്‍ തുടരുന്നവര്‍ പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രാദേശിക മാധ്യമങ്ങളിലൂടെ സാഹചര്യം നിരീക്ഷിക്കണമെന്നും എംബസി അറിയിച്ചു. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡുകള്‍, മറ്റ് യാത്രാ രേഖകള്‍ എന്നിവ എപ്പോഴും കൈവശം വെക്കണം.

എംബസിയില്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഉടന്‍ വിവരങ്ങള്‍ നല്‍കണം. ഇന്റര്‍നെറ്റ് തടസ്സമുണ്ടെങ്കില്‍ ഇന്ത്യയിലുള്ള ബന്ധുക്കള്‍ വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്:

ഫോണ്‍ നമ്പറുകള്‍: +98 912 810 9115, +98 912 810 9109, +98 912 810 9102, +98 993 217 9359

ഇമെയില്‍: cons.tehran@mea.gov.in


യൂണിവേഴ്‌സിറ്റികള്‍ തുറന്നതിന് പിന്നാലെ ടെഹ്റാനിലും മറ്റ് പ്രമുഖ നഗരങ്ങളിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്.


മുന്‍പ് നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍-അമേരിക്കന്‍ ഇടപെടലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. 

Advertisment