ഡൽഹി : ഇന്ത്യൻ നാവികസേനയുടെ ആദ്യ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ കമ്മീഷനിംഗിന് തയ്യാറായി. ജൂൺ 18 ന് വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ വെച്ച് യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്യും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ആയിരിക്കും കമ്മീഷനിംഗ് നിർവഹിക്കുക.
ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) പരമ്പരയിലെ ആദ്യത്തെ യുദ്ധക്കപ്പലാണ് ‘അർണാല’. മഹാരാഷ്ട്രയിലെ വസായിലെ ചരിത്രപ്രസിദ്ധമായ അർണാല കോട്ടയുടെ പേരാണ് യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്.
ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് പ്രൊപ്പൽഡ് യുദ്ധക്കപ്പലുകളിൽ ഏറ്റവും വലുതാണ് ‘അർണാല’.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (ജി.ആർ.എസ്.ഇ) ആണ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ എൽ & ടി ഷിപ്പ് ബിൽഡേഴ്‌സുമായി സഹകരിച്ചായിരുന്നു നിർമ്മാണം. 80 ശതമാനത്തിലധികം തദ്ദേശീയ ഭാഗങ്ങളോടെയാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.