ഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും രാജ്യത്തുടനീളം ഇന്ധന, എല്‍പിജി വിതരണം മുടങ്ങില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉറപ്പ്. ഏത് സാഹചര്യത്തിലും ഇന്ധന, എല്‍പിജി വിതരണം സ്ഥിരമായി തുടരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
രാജ്യത്തുടനീളം ഇന്ത്യന്‍ ഓയിലിന് ധാരാളം ഇന്ധന സ്റ്റോക്കുണ്ട്. തങ്ങളുടെ വിതരണ ലൈനുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പരിഭ്രാന്തി വേണ്ട. ഇന്ധന, എല്‍പിജി സ്റ്റോക്കുകള്‍ ഞങ്ങളുടെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
അനാവശ്യമായ പരിഭ്രാന്തി ആവശ്യമില്ലെന്നും കമ്പനി വ്യക്തമാക്കി. പൊതുജനങ്ങള്‍ ശാന്തത പാലിച്ചും അനാവശ്യമായ തിരക്ക് ഒഴിവാക്കിയും മികച്ച സേവനം ഉറപ്പാക്കാന്‍ കമ്പനിയുമായി സഹകരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യാ-പാക് സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ധനം സംഭരിക്കാന്‍ ആളുകള്‍ പെട്രോള്‍ പമ്പുകളില്‍ തിരക്കുകൂട്ടുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ അറിയിപ്പ്.
പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് സ്ഥലങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആണ് പരിഭ്രാന്തിക്ക് കാരണമായത്.