ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യത്തിന് വൻ ഇടിവ്. ട്രംപിന്റെ തീരുവയും വിദേശ നിക്ഷേപ പിന്മാറ്റവും ആഘാതമായി. ഇറക്കുമതിക്ക് തിരിച്ചടി, പ്രവാസികൾക്കും കയറ്റുമതി മേഖലയ്ക്കും നേട്ടം

New Update
indian-rupee-897x538

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 88ന് താഴെയെത്തി. വെള്ളിയാഴ്ച 87.69ൽ വ്യാപാരം തുടങ്ങിയ രൂപ 88.29 വരെ ഇടിഞ്ഞു. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 87.95 ആയിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ് താഴ്ന്ന നില.

Advertisment

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ കയറ്റുമതി മേഖലയെ ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപയ്ക്ക് തിരിച്ചടിയായത്.


വിദേശ നിക്ഷേപം ഓഹരി വിപണിയിൽനിന്ന് പിന്മാറുകയും, എണ്ണക്കമ്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാർക്ക് ഡോളറിന്റെ ആവശ്യകത കൂടുകയും ചെയ്തതും രൂപയെ സമ്മർദ്ദത്തിലാക്കി.


ആറ് പ്രധാന കറൻസികൾക്കെതിരെ ഡോളർ സൂചിക 0.19 ശതമാനം ഉയർന്ന് 98ൽ എത്തി. വിദേശനാണ്യ ശേഖരത്തിൽനിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചതോടെ രൂപ കുറച്ച് വീണ്ടെടുത്ത് 88.12ൽ എത്തി.

ഡോളറിനെതിരെ രൂപയുടെ ഇടിവ് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കുള്ള ചെലവ് വർധിപ്പിക്കുമെന്നും, പണപ്പെരുപ്പം കൂട്ടാനിടയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. 

ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയുടെ വില ഉയരുമെന്നാണ് വിലയിരുത്തൽ. വിദേശത്ത് പഠിക്കുന്നവർക്കും, യാത്ര ചെയ്യുന്നവർക്കും അധിക ചെലവ് തിരിച്ചടിയാകും.

അതേസമയം, പ്രവാസികൾക്കും ഐ.ടി ഉൾപ്പെടെയുള്ള കയറ്റുമതി മേഖലകൾക്കും രൂപയുടെ തളർച്ച നേട്ടമാകും. ജി.സി.സി കറൻസികളായ ദിർഹം, റിയാൽ തുടങ്ങിയവയുടെ മൂല്യവും രൂപക്കെതിരെ ഉയർന്നിട്ടുണ്ട്.

Advertisment