/sathyam/media/media_files/2025/05/17/QnetYOYD09EpCPa41Qg7.jpg)
ന്യൂഡൽഹി: ഏഷ്യാ കപ്പിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കൈ കൊടുക്കാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ.
പാകിസ്ഥാൻ വിരുദ്ധ വികാരം മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാൽ കളിയുടെ ആത്മാവിനെ രാഷ്ട്രീയത്തിൽ നിന്നും സൈനിക സംഘർഷത്തിൽ നിന്നും മാറ്റി നിർത്തണമെന്ന് ശശി തരൂർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് ശശി തരൂരിന്റെ പ്രതികരണം.
"വ്യക്തിപരമായി, പാകിസ്ഥാനോട് ഇത്ര ദേഷ്യമുണ്ടെങ്കിൽ, കളിക്കാൻ പാടില്ലായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ കളിക്കുകയാണെങ്കിൽ, കളിയുടെ ആത്മാവിനുള്ളിൽ കളിക്കുകയും അവർക്ക് കൈ കൊടുക്കുകയും വേണം',
അദ്ദേഹം പറഞ്ഞു.
'1999 ൽ കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇത് ചെയ്തിരുന്നു. രാജ്യത്തിനായി നമ്മുടെ സൈനികർ ജീവൻ നഷ്ടപ്പെട്ട അതേ ദിവസം, ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുകയായിരുന്നു. കളിയുടെ ആത്മാവ് വ്യത്യസ്തമാണ്. രാജ്യങ്ങളോ സൈന്യങ്ങളോ തമ്മിലുള്ള സംഘർഷവുമായി അതിന് യാതൊരു ബന്ധവുമില്ല. അതാണ് എന്റെ അഭിപ്രായം." ശശി തരൂർ പറഞ്ഞു.