ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ സ്വദേശിനിയെ തടഞ്ഞുവെച്ച സംഭവം. ചൈനയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

അരുണാചൽ പ്രദേശ് ഇന്ത്യൻ പ്രദേശമാണെന്നും അവിടത്തെ താമസക്കാർക്ക് ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വയ്ക്കാനും യാത്ര ചെയ്യാനും പൂർണ്ണ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു

New Update
1001431841

ന്യൂഡല്‍ഹി: ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ സ്വദേശിനിയെ തടഞ്ഞുവെച്ചതിൽ ചൈനയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ.ഇന്ത്യൻ പാസ്പോർട്ട് അസാധുവെന്ന് പറഞ്ഞായിരുന്നു ചൈനയുടെ നടപടി.

Advertisment

അരുണാചൽ സ്വദേശിനി പ്രേമ വാങ്ചോങ് തൊങ്ഡോക്കിനോട് ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കാനും ചൈന ആവശ്യപ്പെട്ടിരുന്നു.

18 മണിക്കൂർ നീണ്ട ദുരിതം ഇന്ത്യൻ എംബസി ഇടപെട്ടാണ് അവസാനിപ്പിച്ചത്.

ലണ്ടനിലെ ഫിനാൻഷ്യൽ സർവീസസിൽ പ്രിൻസിപ്പൽ റെഗുലേറ്ററി കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് പ്രേമ വാങ്ചോങ്.

തന്നെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവച്ചെന്നും ഇമിഗ്രേഷൻ, എയർലൈൻസ് ജീവനക്കാർ പരുഷമായി പെരുമാറിയെന്നും അരുണാചൽ പ്രദേശിനെ ചൈനീസ് പ്രദേശമാണെന്ന് വിളിച്ച് പരിഹസിച്ചു ചിരിച്ചെന്നും പ്രേമ 'ദി ഹിന്ദു'വിനോട് പറഞ്ഞു.

'എന്റെ പാസ്‌പോർട്ട് കാരണം പറയാതെ തടഞ്ഞുവച്ചു, ഭക്ഷണമോ മറ്റ് ആശയവിനിമയമോ ലഭിക്കാതെ ഏകദേശം 18 മണിക്കൂറോളം എന്നെ വിമാനത്താവളത്തിനുള്ളിൽ കസ്റ്റഡിയിലെടുത്തു.

ഓരോ തവണയും കാര്യങ്ങള്‍ അന്വേഷിക്കുക്കുമ്പോഴോ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോഴോ ജീവനക്കാർ എന്നെ ശകാരിച്ചു. ഭീഷണിപ്പെടുത്താനും അപമാനിക്കാനും ശ്രമിച്ചതായി' യുവതി പറയുന്നു.

'വളരെ പ്രയാസപ്പെട്ടാണ് എനിക്ക് യുകെയിലെ ഒരു സുഹൃത്തിനെ ബന്ധപ്പെടാൻ കഴിഞ്ഞത്, ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്താൻ അദ്ദേഹം എന്നെ സഹായിച്ചു. വൈകുന്നേരം 10.20 ന് ഇന്ത്യൻ ഉദ്യോഗസ്ഥരാണ് എനിക്ക് യാത്ര ചെയ്യാന്‍ സഹായിച്ചത്..'അവര്‍ പറഞ്ഞു.

അതേസമയം, അരുണാചൽ പ്രദേശ് ഇന്ത്യൻ പ്രദേശമാണെന്നും അവിടത്തെ താമസക്കാർക്ക് ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശം വയ്ക്കാനും യാത്ര ചെയ്യാനും പൂർണ്ണ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു.

 ചൈനീസ് അധികൃതരുടെ നടപടികൾ സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകൾക്ക് വിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി

Advertisment