ഇൻഡിഗോയ്ക്കെതിരെ വാളെടുത്ത് കേന്ദ്രം. സർവീസുകളുടെ 10 ശതമാനം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം. ആഭ്യന്തര റൂട്ടുകളിൽ 60% സർവീസുകളും ഇൻഡിഗോയുടെ കുത്തകയാണെന്നും സർക്കാർ വിലയിരുത്തൽ

New Update
indigo flight

ഡൽഹി: ഇൻഡിഗോ സർവീസുകളുടെ 10 ശതമാനം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. മന്ത്രാലയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇൻഡിഗോയ്ക്ക് നിർദേശം നൽകിയതായി കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. 

Advertisment

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സൺ മന്ത്രിയുടെ മുമ്പിൽ കൈകൂപ്പുന്ന ചിത്രം ഉൾപ്പെടുത്തിയാണ് മന്ത്രിയുടെ ട്വീറ്റ്. അമിത നിരക്ക് വർധന തടയൽ ഉൾപ്പെടെയുള്ള നിർദേശങ്ങളിൽ ഇൻഡിഗോ ഒരു ഇളവും കാണിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.


പൈലറ്റുകളുടെ വിശ്രമസമയം സംബന്ധിച്ച ചട്ടങ്ങളിൽ ഇളവ് നേടിക്കൊണ്ടു സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടിയെടുക്കുകയാണ് മന്ത്രാലയം.


ആഭ്യന്തര റൂട്ടുകളിൽ 60 ശതമാനം സർവീസുകളും ഇൻഡിഗോയ്ക്ക് ഉള്ള കുത്തകയാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഇതാണ് വ്യോമയാന രംഗത്ത് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് മന്ത്രാലയം കണ്ടെത്തി. ഇതിനെ മറികടക്കാൻ 10 ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറാനുള്ള നടപടിയിലാണ് സർക്കാർ.

നവംബറിൽ അനുവദിച്ച സർവീസുകൾ മുഴുവനും നടത്താൻ ഇൻഡിഗോയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി ലോക്സഭയിൽ പറഞ്ഞു.

Indigo

ഇന്ന് 138 കേന്ദ്രങ്ങളിൽ നിന്ന് ഇൻഡിഗോ 1,800 സർവീസുകളും നാളെ 1,900 സർവീസുകളും നടത്തുമെന്നാണ് കമ്പനി അറിയിച്ചു. യാത്രക്കാരുടെ ബാഗേജ് പരമാവധി തിരികെ നൽകുകയും റീഫണ്ട് നടപടികൾ വേഗത്തിലാക്കുകയും ചെയ്തതായി ഇൻഡിഗോ അറിയിച്ചു. 

ഇന്ന് ഇൻഡിഗോയുടെ ഓൺ-ടൈം പെർഫോർമൻസ് 90 ശതമാനത്തിലധികം രേഖപ്പെടുത്തിയതും അവസ്ഥ മെച്ചപ്പെടുന്ന സൂചനയായി വിലയിരുത്തുന്നു.

Advertisment