വിമാന സർവീസുകൾ താറുമാറായ സംഭവം: ഒസിസി മേധാവിയെ മാറ്റി ഇൻഡിഗോ; ക്യാപ്റ്റൻ രോഹിത് റിഖ്യെ പുതിയ തലവൻ

കഴിഞ്ഞ 11 വര്‍ഷമായി ഇന്‍ഡിഗോയില്‍ സേവനമനുഷ്ഠിക്കുന്ന രോഹിത് റിഖ്യെ ചീഫ് പൈലറ്റ് സ്ഥാനത്ത് നിന്നാണ് പുതിയ ചുമതലയിലേക്ക് വരുന്നത്

New Update
Untitled

ഡല്‍ഹി: കഴിഞ്ഞ ഡിസംബറിലുണ്ടായ വ്യാപകമായ വിമാന സര്‍വീസ് തടസ്സങ്ങളെത്തുടര്‍ന്ന് ഇന്‍ഡിഗോ തങ്ങളുടെ ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മേധാവിയെ മാറ്റി.

Advertisment

ജേസണ്‍ ഹെര്‍ട്ടറിന് പകരം ക്യാപ്റ്റന്‍ രോഹിത് റിഖ്യെയെ പുതിയ ഒസിസി മേധാവിയായി നിയമിച്ചു. ഓപ്പറേഷന്‍സ് തടസ്സപ്പെട്ടതിന് പിന്നാലെ ഇന്‍ഡിഗോയുടെ ഉന്നതതല മാനേജ്മെന്റില്‍ നടക്കുന്ന ആദ്യ പ്രധാന മാറ്റമാണിത്.


ഡിസംബറിലെ പ്രതിസന്ധിയെത്തുടര്‍ന്ന് വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎ ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 22 കോടി രൂപ പിഴ ചുമത്തുകയും എയര്‍ലൈനിലെ ഒരു സീനിയര്‍ വൈസ് പ്രസിഡന്റിനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.


കഴിഞ്ഞ 11 വര്‍ഷമായി ഇന്‍ഡിഗോയില്‍ സേവനമനുഷ്ഠിക്കുന്ന രോഹിത് റിഖ്യെ ചീഫ് പൈലറ്റ് സ്ഥാനത്ത് നിന്നാണ് പുതിയ ചുമതലയിലേക്ക് വരുന്നത്. അദ്ദേഹം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഇസിദ്രി പോര്‍ക്വറാസിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.

വിമാനങ്ങളുടെ തത്സമയ ഏകോപനം, ഫ്‌ലൈറ്റ് പ്ലാനിംഗ്, ട്രാക്കിംഗ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിയമങ്ങള്‍ പാലിക്കല്‍, ക്രൂ ഷെഡ്യൂളിംഗ് തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഒസിസിയാണ്. സ്ഥാനമൊഴിഞ്ഞ ജേസണ്‍ ഹെര്‍ട്ടര്‍ എയര്‍ലൈനില്‍ നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങുകയാണ്.


കഴിഞ്ഞ ജനുവരി 22-ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ഡിജിസിഎയ്ക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ, പ്രതിസന്ധിക്ക് പിന്നാലെ സ്വീകരിച്ച കര്‍ശന നടപടികള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.


എയര്‍ലൈനിലെ അച്ചടക്കമില്ലായ്മയും പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും ഗൗരവകരമായി കണ്ടുകൊണ്ടാണ് റെഗുലേറ്ററി നടപടികള്‍ സ്വീകരിച്ചത്.

Advertisment