ഇൻഡോർ : മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ 6 പേർക്ക് ജീവൻ നഷ്ടമായെന്ന് റിപ്പോർട്ട്. പ്രദേശത്ത് കഴുതപ്പുലിയുടെ സാനിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതായി നാട്ടുകാർ അവകാശപ്പെടുന്നുണ്ട്.
ഇതോടെ വനം വകുപ്പ് തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് കഴുതപ്പുലിയെ കണ്ടതായി പ്രദേശവാസികൾ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. എന്നാൽ കഴുതപ്പുലി ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.
ഗ്രാമീണരെ ആക്രമിച്ച മൃഗത്തിന് റാബിസ് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലായെങ്കിലും സ്ഥിരീകരിക്കാൻ അന്വേഷണ റിപ്പോർട്ട് വരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മെയ് 5നാണ് ബർവാനിയിലെ ലിംബായ് ഗ്രാമത്തിലുള്ള 17 പേരെ അജ്ഞാത മൃഗം ആക്രമിക്കുന്നത്. ചൂട് കാരണം വീടിനു പുറത്ത് ഉറങ്ങിക്കിടന്നവരെയാണ് പുലർച്ചെടയോടെ അജ്ഞാത ജീവി ആക്രമിച്ചത്.
ഇതിൽ ആറുപേരാണ് മെയ് 23നും ജൂൺ 2നുമിടയിൽ മരിച്ചത്. അജ്ഞാത മൃഗത്തിന്റെ ആക്രമണത്തിനു ശേഷം 17 പേർക്കും പേവിഷബാധ വാക്സിൻ നൽകിയതായി അധികൃതർ പറഞ്ഞു.