ആദ്യത്തെ ഡൈവിംഗ് സപ്പോർട്ട് വെസ്സൽ (ഡിഎസ്‌വി) 'ഐഎൻഎസ് നിസ്റ്റാർ' ഏറ്റുവാങ്ങി ഇന്ത്യൻ നാവികസേന. കടലിൽ 1000 മീറ്റർ ആഴത്തിൽ പോലും നിസ്റ്റാർ രക്ഷാപ്രവർത്തനം നടത്തും

ലോകത്ത് ചുരുക്കം ചില നാവികസേനകള്‍ക്ക് മാത്രമേ ഇത്തരമൊരു ആഴക്കടല്‍ ഡൈവിംഗ് ശേഷി ഉള്ള കപ്പലുകള്‍ ഉണ്ടാകൂ

New Update
Untitledbrasil

ഡല്‍ഹി: പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട്, വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആദ്യ ഡൈവിംഗ് സപ്പോര്‍ട്ട് വെസ്സല്‍ 'ഐഎന്‍എസ് നിസ്റ്റാര്‍' ഇന്ത്യന്‍ നാവികസേന ഏറ്റുവാങ്ങി.

Advertisment

നിസ്റ്റാര്‍ ഏകദേശം 75 ശതമാനം തദ്ദേശീയ ഘടകങ്ങളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സമുദ്ര പ്രതിരോധത്തില്‍ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് ഇത്.


118 മീറ്റര്‍ നീളവും 10,000 ടണ്‍ ഭാരവുമുള്ള കപ്പല്‍, 1000 മീറ്റര്‍ ആഴത്തില്‍ വരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ളതാണ്. അത്യാധുനിക ഡൈവിംഗ് ഉപകരണങ്ങള്‍, 300 മീറ്റര്‍ ആഴം വരെ മുങ്ങാന്‍ കഴിയുന്ന സംവിധാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിമോട്ട് വഴി നിയന്ത്രിക്കാവുന്ന വാഹനങ്ങള്‍, സൈഡ് ഡൈവിംഗ് സ്റ്റേജ് (75 മീറ്റര്‍ ആഴം വരെ), ഡീപ് സീ സബ്മര്‍ജ്ഡ് റെസ്‌ക്യൂ വെസ്സലിന്റെ മാതൃകപ്പല്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ നിസ്റ്റാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളത്തിനടിയിലുള്ള അന്തര്‍വാഹിനികളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ജീവനക്കാരെ രക്ഷപ്പെടുത്താനും ഒഴിപ്പിക്കാനും കപ്പല്‍ ഉപയോഗിക്കാം. 'നിസ്റ്റാര്‍' എന്ന പേര് സംസ്‌കൃതത്തില്‍ നിന്നുള്ളതും വിമോചനം, രക്ഷ എന്നര്‍ത്ഥമുള്ളതുമാണ്.


ലോകത്ത് ചുരുക്കം ചില നാവികസേനകള്‍ക്ക് മാത്രമേ ഇത്തരമൊരു ആഴക്കടല്‍ ഡൈവിംഗ് ശേഷി ഉള്ള കപ്പലുകള്‍ ഉണ്ടാകൂ. 'മെയ്ക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതികളുടെ ഭാഗമായി തദ്ദേശീയ ഉല്‍പ്പാദനത്തിനായുള്ള നാവികസേനയുടെ ശ്രമങ്ങള്‍ക്ക് നിസ്റ്റാര്‍ മറ്റൊരു വലിയ നേട്ടമാണ്.


നിസ്റ്റാറിന്റെ ഉള്‍പ്പെടുത്തല്‍ ഇന്ത്യന്‍ നാവികസേനയുടെ സാങ്കേതിക കഴിവുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. തദ്ദേശീയ കപ്പല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തിനും സമുദ്രരക്ഷാ സംവിധാനങ്ങള്‍ക്കുമുള്ള വലിയ നേട്ടം കൂടിയാണ് ഐഎന്‍എസ് നിസ്റ്റാര്‍.

Advertisment